Thursday, May 16, 2024
keralaNews

തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍

കണ്ണൂര്‍: അതിക്രൂരമായാണ് തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. ഇരുപതില്‍ അധികം തവണ ഹരിദാസിന് വെട്ടേറ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ വെട്ടില്‍ തന്നെ വീണ്ടും വെട്ടിയുണ്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം ശരീരം വികൃതമാക്കി. ഇടതുകാല്‍ മുട്ടിന് താഴെ മുറിച്ചു മാറ്റി. വലതുകാല്‍ മുട്ടിന് താഴെ നാലിടങ്ങളില്‍ ആഴത്തിലുള്ള മുറിവുണ്ട്. ഇടത് കൈയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. അരക്ക് താഴെയാണ് മുറിവുകള്‍ അധികവും ഉള്ളത്. ഇന്ന് പുലര്‍ച്ചെയാണ് സിപിഎം പ്രവര്‍ത്തകനും മത്സ്യത്തൊഴിലാളിയായ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയത്. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ഹരിദാസിനെ ബന്ധുക്കളുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഒരാഴ്ച്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ പ്രദേശത്ത് സിപിഎം ബിജെപി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ പിന്നാലെയാണ് ഹരിദാസന് നേരെ ആക്രമണമുണ്ടായത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.