Monday, May 6, 2024
keralaNews

മല്‍സ്യബന്ധനത്തിനിടെ ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണം

ചെന്നൈ; നാലു മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് ആന്തണി മരിയ എന്ന മത്സ്യത്തൊഴിലാളി. കോവിഡ് കാലത്തെ ലോക്ഡൗണ്‍ സമയങ്ങളില്‍ വീട്ടില്‍ മുഴുപ്പട്ടിണിയിലായിരുന്നു ഇവര്‍. കടലില്‍ പോകാന്‍ അനുമതി ലഭിച്ചതോടെ വീണ്ടും അടുപ്പു പുകഞ്ഞു തുടങ്ങി. രാമേശ്വരം മണ്ഡപം മേഖലയിലാണു മീന്‍ പിടിക്കാനായി പോകാറുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് കച്ചത്തീവ് ഭാഗത്തു മറ്റുള്ളവര്‍ക്കൊപ്പം മീന്‍ പിടിക്കുന്നതിനിടെ പാഞ്ഞു വന്ന ശ്രീലങ്കന്‍ നാവിക സേന നടത്തിയ റബര്‍ ബുള്ളറ്റ് ആക്രമണത്തിനൊപ്പം കല്ലുകള്‍ എറിഞ്ഞ് മല്‍സ്യത്തൊഴിലാളികളെ ഓടിച്ചു.എറിഞ്ഞ കല്ലുകളിലൊന്നു വന്നു പതിച്ചത് ആന്തണിയുടെ ഇടത്തേ കണ്ണിലായിരുന്നു. ഗുരുതര പരുക്കുമായി ചികില്‍സ തേടിയെങ്കിലും കാഴ്ച നഷ്ടമായി. പറക്കമുറ്റാത്ത കുട്ടികളെയും ഭാര്യയെയും എങ്ങനെ ഇനി പട്ടിണി കൂടാതെ കാക്കുമെന്നോര്‍ത്ത് നെഞ്ചു നീറി അദ്ദേഹം രാമേശ്വരത്തെ കുടിലിലുണ്ട്; ഇപ്പോഴും.. ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെയുള്ള ശ്രീലങ്കന്‍ നാവികസേനയുടെ കണ്ണില്ലാത്ത ക്രൂരത ഇപ്പോഴും തുടരുകയാണ്. ഏറ്റവും ഒടുവില്‍ അവര്‍ പിടിച്ചു കൊണ്ടു പോയത് 55 മല്‍സ്യത്തൊഴിലാളികളെയും അവരുടെ 8 ബോട്ടുകളുമാണ്.