Monday, May 13, 2024
keralaNews

ഒമിക്രോണ്‍ വ്യാപനം ;സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം.

ദില്ലി: ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദ്ദേശം. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കൊവിഡ്,വാക്‌സീനേഷന്‍ കൂട്ടണമെന്നും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന കേസുകള്‍ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം.ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം ഇന്ന് പ്രധാനമന്ത്രി വിലയിരുത്തും.ഡല്‍റ്റ വകഭേദത്തേക്കാള്‍ മൂന്നിരിട്ടി വ്യപന ശേഷിയുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കിയ കാര്യങ്ങള്‍ വൈകുന്നേരം ആറരക്ക് നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി അവലോകനം ചെയ്യും.ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ സ്ഥിതി വിലയിരുത്തുന്നത്. അര്‍ഹരായ ജനസംഖ്യയില്‍ അറുപത് ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആവശ്യം അവലോകന യോഗത്തിലുയരാനിടയുണ്ട്. അതേ സമയം ബൂസ്റ്റര്‍ ഡോസിനായി രണ്ട് വാക്‌സീന്‍ കമ്പനികള്‍ നല്‍കിയ അപേക്ഷകള്‍ കേന്ദ്രം അംഗീകരിച്ചില്ല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ ഇ എന്നീ കമ്പനികള്‍ നല്‍കിയ അപേക്ഷയില്‍ കൂടുതല്‍ മരുന്ന് പരീക്ഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിരിക്കുകയാണ്.