Friday, May 3, 2024
EntertainmentkeralaNewsObituary

മലയാള സിനിമ നടന്‍ പൂജപ്പുര രവി അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ അഭിനേതാക്കളില്‍ മുതിര്‍ന്ന നടന്‍ ചെങ്കള്ളൂര്‍ പൂജപ്പുര സ്വദേശിയായ പൂജപ്പുര രവി (എം രവീന്ദ്രന്‍ നായര്‍ 86) അന്തരിച്ചു. മറയൂരില്‍ മകളുടെ വീട്ടില്‍ വച്ചാണ് മരണം. മകന്‍ വിദേശത്തേയ്ക്ക് പോയതിനെ തുടര്‍ന്ന് 2022 ഡിസംബറിലാണ് അദ്ദേഹം മറയൂരിലേയ്ക്ക് താമസം മാറ്റിയത്. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നും ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണ് അന്ത്യം സംഭവിച്ചത്.  ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം. നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി അഭിനയജീവിതം ആരംഭിച്ചത്. നാടകവേദികളില്‍ രവി എന്ന പേരില്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നതിനാല്‍ സ്ഥലപ്പേര് പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. എസ് എല്‍ പുരം സദാനന്ദന്റെ ‘ഒരാള്‍ കൂടി കള്ളനായി’ എന്ന നാടകത്തില്‍ ബീരാന്‍കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ് വേദിയിലേക്കുള്ള കടന്നുവരവ്. കലാനിലയം ഡ്രാമാവിഷന്‍ എന്ന പ്രശസ്ത നാടക ട്രൂപ്പിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് രവി സിനിമയിലേക്ക് എത്തുന്നത്. ഹരിഹരന്റെ സംവിധാനത്തില്‍ എത്തിയ അമ്മിണി അമ്മാവനിലൂടെയാണ് അദ്ദേഹത്തിന്റെ സിനിമയിലെ തുടക്കം. തുടക്കക്കാലത്ത് അദ്ദേഹം വളരെ ചെറിയ റോളുകളാണ് ചെയ്തിരുന്നത്. പക്ഷേ ഏത് റോളും ചെയ്യാന്‍ കഴിയുന്ന ഫ്‌ലെക്‌സിബിള്‍ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റ് എന്ന പേര് വൈകാതെ കിട്ടി. മികച്ച ടൈമിംഗ് കൊണ്ട് കോമഡി റോളുകളില്‍ നന്നായി തിളങ്ങിയിരുന്നു പൂജപ്പുര രവി. മുത്താരംകുന്ന് പിഒ, ഓടരുതമ്മാവാ ആളറിയാം, പൂരം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 600ല്‍ അധികം സിനിമകളില്‍ പൂജപ്പുര രവി അഭിനയിച്ചിട്ടുണ്ട്. 1990 കളോടുകൂടി അദ്ദേഹം സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങി. 2016 ല്‍ പുറത്തിറങ്ങിയ ഗപ്പിയാണ് അഭിനയിച്ച അവസാന ചിത്രം. മൃതശരീരം തിരുവനന്തപുരം പൂജപ്പുരയിലെ വസതിയില്‍ രാത്രിയോടെ എത്തിക്കും. സംസ്‌കാര ചടങ്ങുകള്‍ നാളെ തിരുവനന്തപുരത്ത് വച്ച് നടത്തുമെന്നാണ് കുടുംബാഗംങ്ങള്‍ അറിയിച്ചിരിക്കുന്നത്.