Friday, April 19, 2024
AstrologykeralaNews

കര്‍ക്കിടക വാവ് ഇന്ന് : പിതൃതര്‍പ്പണത്തിനായി ക്ഷേത്രങ്ങളിലേക്കും സ്നാനഘട്ടങ്ങളിലേക്കും വിശ്വാസികള്‍

ആലുവ: കര്‍ക്കിടക വാവുബലി ദിനമായ ഇന്ന് പിതൃക്കളുടെ സ്മരണയില്‍ ബലിതര്‍പ്പണം നടത്തുന്നത് ആരംഭിച്ച് വിശ്വാസികള്‍. രണ്ട് വര്‍ഷത്തിന് ശേഷമാണ് വാവുബലിയ്ക്ക് സ്നാനഘട്ടങ്ങളില്‍ ബലിതര്‍പ്പണം നടക്കുന്നത്. കൊറോണയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും വീടുകളിലായിരുന്നു ബലിതര്‍പ്പണം നടത്തിയിരുന്നത്. ഇന്നലെ രാത്രി 7:30 മുതല്‍ ഇന്ന് രാത്രി 8:15 വരെയാണ് അമാവാസി.
മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കര്‍മ്മമാണ് ബലിയിടല്‍.മരിച്ച് പോയവര്‍ ബലി സ്വീകരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.ദര്‍ഭ,എള്ള്, അരി,ചെറുള,കറുക,വെളുത്തപൂവ്, തുളസി, ചന്ദനം,വാഴയില,ജലം, എന്നിവയാണ് പ്രധാന ബലികര്‍മ്മ വസ്തുക്കള്‍. സൂര്യന്‍ ഉച്ചസ്ഥായിയില്‍ എത്തുന്നതിന് മുന്‍പാണ് ബലിതര്‍പ്പണം നടത്തുന്നതിന് കൂടുതല്‍ ഉചിതമായ സമയമെന്നാണ് കര്‍മ്മികള്‍ വ്യക്തമാക്കുന്നത്.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ 28ന് പുലര്‍ച്ചെ 2.30 മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. വയനാട് തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ 3 മണി മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ മണപ്പുറം,തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തില്‍ ബലിതര്‍പ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങള്‍.ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ഇന്ന് ബലിതര്‍പ്പണം നടക്കുന്നുണ്ട്. പ്രധാനക്ഷേത്രങ്ങളിലെല്ലാം പിതൃമോക്ഷത്തിനായി എത്തിയവരുടെ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.