Monday, April 29, 2024
Local NewsNewspolitics

മര്യാദ ലംഘിച്ചു; എരുമേലിയില്‍ കോണ്‍ഗ്രസിനെതിരെ മുസ്ലീം ലീഗ്

എരുമേലി : യു ഡി എഫിലെ ഘടക കക്ഷിയെന്ന നിലയില്‍ എരുമേലിയില്‍ കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചുവെന്ന പരാതിയുമായി മുസ്ലീം ലീഗ് രംഗത്ത് . എരുമേലി ഗ്രാമ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തതിലും, മുന്‍ പ്രസിഡന്റ് രാജിവച്ചതടക്കം സമീപകാലത്തെ ഒരു പരിപാടിയും ലീഗ് മായി ചര്‍ച്ച ചെയ്യാനോ – അഭിപ്രായങ്ങള്‍ തേടാനോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.

കോണ്‍ഗ്രസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ലീഗ് വിട്ടു നിന്നതായും നേതാക്കള്‍ പറഞ്ഞു. എരുമേലി ഗ്രാമ പഞ്ചായത്തില്‍ മുസ്ലിം ലീഗിന് നിലവില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഇല്ലെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍ , തങ്ങളുടെ വോട്ട് കൊണ്ടാണ് എരുമേലി ടൗണ്‍, ഒഴക്കനാട് വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. എരുമേലിയില്‍ മുസ്ലീം ലീഗിന് ഒഴിവാക്കി പോകാനുള്ള നീക്കം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താതെ യുഡിഎഫിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ നടക്കുന്ന പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും മുസ്ലീം ലീഗ് എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ എച്ച് നൗഷാദ് കുറുങ്കാട്ടില്‍, ജനറല്‍ സെക്രട്ടറി വിജി മുഹമ്മദ് , വെട്ടിയാനിക്കല്‍, ട്രഷറര്‍ നിസാര്‍ പ്ലാമൂട്ടില്‍ എന്നിവര്‍ പറഞ്ഞു.