Monday, April 29, 2024
Local NewsNewspolitics

എരുമേലിയില്‍ കോണ്‍ഗ്രസിലെ ജിജിമോള്‍ സജി പഞ്ചായത്ത് പ്രസിഡന്റ്

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ് ഉമ്മിക്കുപ്പ വാര്‍ഡംഗം ജിജിമോള്‍ സജിയെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ജിജിമോള്‍ സജിക്ക് , സ്വതന്ത്രനുള്‍പ്പെടെ 12 അംഗങ്ങളുടെ വോട്ട് ലഭിച്ചു. എല്‍ഡിഎഫിലെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ തങ്കമ്മ ജോര്‍ജ് കുട്ടിയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇവര്‍ക്ക് 11 വോട്ടുകളും ലഭിച്ചു.

കോണ്‍ഗ്രസിലെ ധാരണ പ്രകാരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന മറിയാമ്മ സണ്ണി രാജി വെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. കാഞ്ഞിരപ്പള്ളി അസി രജിസ്റ്റാര്‍ ഷമീര്‍ വി മുഹമ്മദ് വരണാധികാരായി നടപടികള്‍ നിയന്ത്രിച്ചു. ആറ് മാസമാണ് ഈ ഭരണത്തിന്റെ കാലയളവ് . അതിന് ശേഷം പെര്യന്‍മല വാര്‍ഡംഗം ലിസി സജിയാണ് പ്രസിഡന്റായി ആറ് മാസം ഭരണത്തിലേറുന്നത്.

തുടര്‍ന്നുള്ള കാലാവധി ഒഴക്കനാട് വാര്‍ഡംഗം അനിത സന്തോഷ് പ്രസിഡന്റായി ഭരണം പൂര്‍ത്തീകരിക്കാനാണ് കോണ്‍ഗ്രസിലെ ധാരണ. പഞ്ചായത്ത് വൈസ് പ്രസിഡന്റായി തുമരംപാറയില്‍ നിന്നുള്ള സ്വതന്ത്ര അംഗം ഇ.ജെ ബിനോയി വീണ്ടും തുടരും.23 വാര്‍ഡുകളുള്ള എരുമേലി പഞ്ചായത്തില്‍ യുഡിഎഫിന് 12 ഉം, എല്‍ഡിഎഫിന് 11 സീറ്റുകളുമാണ് ഉള്ളത് .

പ്രസിഡന്റായി ചുമതലയേറ്റ ജിജിമോള്‍ സജിക്ക് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സ്വീകരണം നല്‍കി. കോണ്‍ഗ്രസ് എരുമേലി മണ്ഡലം കമ്മറ്റി പ്രസിഡന്റ് റജി അമ്പാറ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി സി സി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍, മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ബിനു മറ്റക്കര, എന്നിവര്‍ സംസാരിച്ചു.