Thursday, May 2, 2024
keralaNews

മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്‌സൈഡ് ആസിഫ് സ്വയം ഉണ്ടാക്കി.

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഉഴുവത്ത് കടവില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മരണത്തിന് കാരണമായ കാര്‍ബണ്‍ മോണോക്‌സൈഡ് ആസിഫ് സ്വയം ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തല്‍. മുറിയിലെ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റും സിങ്ക് ഓക്‌സൈഡും കൂട്ടി കലര്‍ത്തിയ നിലയില്‍ കണ്ടെത്തി. ഈ പാത്രം അടച്ചിട്ട വാതിലിനോട് ചേര്‍ത്തുവെച്ച നിലയാണുള്ളത്. ഇതില്‍ നിന്നുമുണ്ടായ വിഷവാതകം ശ്വസിച്ചതാണ് നാല് പേരുടേയും മരണത്തിന് കാരണമായത്. വാതില്‍ തുറക്കുന്നവര്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് അപകടമുണ്ടാക്കരുതെന്ന് കുറിപ്പുമുണ്ടായിരുന്നു. കൂട്ട ആത്മഹത്യയില്‍ ശാസ്ത്രീയ വിശകലനം നടത്തേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി ഐശ്വര്യ ഡോംഗ്രേല അറിയിച്ചു.
ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂ ഉഴുവത്ത് കടവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ആസിഫും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങിയ നാലംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുപേരെയും വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് ആസിഫും കുടുംബവും കിടന്നിരുന്നത്. രാവിലെ പത്ത് മണിയായിട്ടും ഇവര്‍ താഴേക്ക് ഇറങ്ങി വന്നില്ല. ഇതോടെ താഴെയുണ്ടായിരുന്ന ആസിഫിന്റെ സഹോദരി അയല്‍വാസികളെ കൂട്ടി വന്ന് വാതില്‍ പൊളിച്ച് അകത്ത് കയറുകയിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെത്തിട്ടുണ്ട്.

മുറിയില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ജനാലകള്‍ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലായിരുന്നു. വേദനയില്ലാതെ മരിക്കാനായിരിക്കാം കാര്‍ബണ്‍ മോണോക്‌സൈഡ് ഉപയോഗിച്ചതെന്നാണ് പൊലീസ് കരുതുന്നത്. 40 വയസുള്ള ആസിഫ് അമേരിക്കയിലെ ഒരു ഐ ടി കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഏറെ നാളായി വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്യുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവിക്കുന്നതെന്നാണ് ആസിഫിന്റെ ആത്മഹത്യാ കുറിപ്പിലുള്ളത്. വലിയ തുക കടമുള്ളതായും കുറിപ്പില്‍ പറയുന്നു. ഒരു കോടിയിലേറെ രൂപ മുടക്കിയാണ് ആസിഫ് വീട് പണിതത്. അടുത്തിടെ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഇതില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ആസിഫെന്നാണ് വീട്ടുകാര്‍ പറയുന്നത്.