Monday, April 29, 2024
keralaNews

മനുഷ്യക്കടത്ത് സാധ്യത: തീരദേശത്ത് പരിശോധന

മുനമ്പം കേന്ദ്രീകരിച്ച് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ജില്ലയുടെ വടക്കന്‍ മേഖലയില്‍ പൊലീസ് പരിശോധന ഊര്‍ജിതമാക്കി. മുനക്കക്കടവ് കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഹരീഷിന്റെ നേതൃത്വത്തില്‍ കടലില്‍ നടത്തിയ പരിശോധനയില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ചേറ്റുവ ഹാര്‍ബര്‍, മുനക്കക്കടവ് ഫിഷ് ലാന്‍ഡിങ് കേന്ദ്രം എന്നിവിടങ്ങളും പരിശോധിച്ചു.

കടലില്‍ അഞ്ച് നോട്ടിക്കല്‍ മൈല്‍ വരെ ദൂരത്തില്‍ മീന്‍പിടിത്തം നടത്തുന്ന ബോട്ടുകള്‍ പരിശോധിച്ചു. സംശയാസ്പദമായ രീതിയില്‍ കാണുന്ന യാനങ്ങളെക്കുറിച്ച് വിവരം നല്‍കണമെന്നും കടല്‍ത്തീരത്ത് എത്തുന്ന വാഹനങ്ങളെ നിരീക്ഷിക്കണമെന്നും പൊലീസ് തീരവാസികളോടും മത്സ്യത്തൊഴിലാളികളോടും ആവശ്യപ്പെട്ടു. എഎസ്‌ഐ ഐ.ബി.സജീവ്, കോസ്റ്റല്‍ വാര്‍ഡന്‍ ശ്രീരാഗ്, ബോട്ട് സ്രാങ്ക് കെ.അഖിന്‍, ലസ്‌കര്‍, സതീശന്‍ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.