Wednesday, May 15, 2024
keralaNewspolitics

റോഡരികില്‍ നിന്ന് കിട്ടിയത് നൂറിലേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍

സബ് റജിസ്ട്രാര്‍ ഓഫിസിനു സമീപം പാതയോരത്തു നൂറിലേറെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ട ആര്‍എസ് റോഡ് സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ റവന്യു വകുപ്പിനു കൈമാറി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു പാതയോരത്തു ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടത്. കടമ്പഴിപ്പുറം, അഴിയന്നൂര്‍, കടമ്പൂര്‍ പ്രദേശങ്ങളിലുള്ളവരുടെ പേരിലുള്ള കാര്‍ഡുകളാണിത്. കാര്‍ഡുകള്‍ കണ്ടയുടന്‍ ഇവ ശേഖരിച്ചു താലൂക്ക് ഓഫിസില്‍ എത്തിയെങ്കിലും അവധി ദിവസമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്കു കൈമാറാനായില്ലെന്നു യുവാവ് അറിയിച്ചു.

ഇതിനിടെ കാര്‍ഡുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട സംഭവം വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം തുടങ്ങി. സിഐ ജയേഷ് ബാലനും സംഘവും സ്ഥലത്തെത്തി ഏറെ നേരം തിരഞ്ഞെങ്കിലും കാര്‍ഡുകള്‍ ലഭിക്കാതായതോടെ ദുരൂഹത വര്‍ധിച്ചു. ഇതിനിടെയാണു കാര്‍ഡുകള്‍ ആര്‍എസ് റോഡ് സ്വദേശിയുടെ കൈവശമുണ്ടെന്നു വിവരം ലഭിച്ചത്. വൈകിട്ടു കാര്‍ഡുകളുമായി യുവാവ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഇവ പൊലീസ് ഏറ്റുവാങ്ങിയില്ല. റവന്യു ഉദ്യോഗസ്ഥര്‍ക്കു കൈമാറാനായിരുന്നു നിര്‍ദേശം. പിന്നീടു വീണ്ടും യുവാവ് താലൂക്ക് ഓഫിസില്‍ എത്തിയാണു രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനു കാര്‍ഡുകള്‍ കൈമാറിയത്.

സംഭവത്തില്‍ തിരഞ്ഞെടുപ്പു വിഭാഗം തഹസില്‍ദാരോടും പൊലീസിനോടും അന്വേഷണത്തിനു നിര്‍ദേശിച്ചിട്ടുണ്ടെന്നു സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. തിരഞ്ഞെടുപ്പു വിഭാഗത്തില്‍ നിന്ന് ഇവ നഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നും നിയോജക മണ്ഡലത്തിന്റെ വരണാധികാരി കൂടിയായ അദ്ദേഹം വിശദീകരിച്ചു. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നു മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.കെ.ജയരാജനും ബിജെപി മധ്യമേഖല സെക്രട്ടറി ടി.ശങ്കരന്‍കുട്ടിയും മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.എ.ജലീലും ആവശ്യപ്പെട്ടു.