Saturday, May 11, 2024
keralaNews

എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ് രണ്ടിന്.

എരുമേലി : പ്രസിഡന്റ് തെരഞ്ഞെടുപ്പും -അവിശ്വാസവും വിവാദമായ എരുമേലി ഗ്രാമപഞ്ചായത്തിൽ  വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പ്   അടുത്ത മാസം രണ്ടിന് നടക്കും.നിലവിൽ വൈസ് പ്രസിഡന്റായിരുന്ന കോൺഗ്രസ് പ്രതിനിധി ഇ ജെ  ബിനോയ് ക്കെതിരെ ഭരണകക്ഷിയായ എൽഡിഎഫ് അവിശ്വാസം കൊണ്ടുവരികയും ചർച്ചയിൽ പങ്കെടുക്കാതെ  കോൺഗ്രസ്  പിന്മാറുകയും ചെയ്തിരുന്നു.അവിശ്വാസ പ്രമേയ ചർച്ചയിൽ  കോൺഗ്രസ് അംഗമായിരുന്ന പ്രകാശ് പള്ളിക്കൂടം അവിശ്വാസത്തെ പിന്തുണച്ചതോടെയാണ്  വൈസ് പ്രസിഡന്റിെനെതിരെയുള്ള അവിശ്വാസം പാസായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടിന് രാവിലെ 11 മണിക്ക്  പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പ് നടത്താൻ  കാഞ്ഞിരപ്പള്ളി അസിസ്റ്റൻറ് രജിസ്റ്റർ പഞ്ചായത്തിന് കത്ത് നൽകിയത്.23 വാർഡുകളുള്ള എരുമേലി ഗ്രാമ പഞ്ചായത്തിൽ  യുഡിഎഫിന് 12 ഉം ,എൽഡിഎഫിന്  11 സീറ്റുകളാണ് ലഭിച്ചിരുന്നത് .ഒരു സീറ്റിന്റെ  ഭൂരിപക്ഷം ലഭിച്ചിട്ടും യുഡിഎഫ് അധികാരത്തിലെത്താൻ കഴിഞ്ഞില്ല. ആദ്യ പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരു വനിതാ അംഗം  തെറ്റായ വോട്ട്  ചെയ്തതിന്റെ  അടിസ്ഥാനത്തിലായിരുന്നു ഭരണം നഷ്ടപ്പെട്ടത്. എന്നാൽ  വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ അംഗം ജയിച്ചിരുന്നു.ഇതേതുടർന്ന്  പ്രസിഡന്റിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ യുഡിഎഫ്  അംഗം വരാതിരുന്നതിനെ തുടർന്ന്  അവിശ്വാസം പരാജയപ്പെടുകയായിരുന്നു.എന്നാൽ  വൈസ് പ്രസിഡന്റിനെതിരെ ഭരണകക്ഷിയായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യുഡിഎഫ് അംഗം പിന്തുണച്ചതോടെ അവിശ്വാസം പാസാകുകയും ചെയ്തിരുന്നു.
ഇതേതുടർന്നാണ്  വൈസ് പ്രസിഡന്റ്  തിരഞ്ഞെടുപ്പിനുള്ള നടപടികൾ  തുടങ്ങിയത് . നിലവിലെ സാഹചര്യത്തിൽ  പഞ്ചായത്ത് വൈസ് പ്രസിഡന്റ്  തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ പ്രകാശ് പള്ളിക്കൂടം അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് നാധ്യത.കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എതിർക്കുകയും -എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയും ചെയ്ത കോൺഗ്രസ് അംഗമായ പ്രകാശ് പള്ളിക്കൂടത്തെ കോൺഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു.എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടമായതോടെ വലിയ നാണക്കേടായ കോൺഗ്രസിന്  രണ്ടാം തീയതിയിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്  നിർണായകമാണ് .