Tuesday, April 30, 2024
keralaNews

ചെറുതോണി പാലത്തിന്റെ രൂപരേഖ മാറ്റിയതില്‍ പ്രതിഷേധം

പെരിയാറിനു കുറുകെ ടൗണില്‍ നിര്‍മാണമാരംഭിച്ച പാലത്തിന്റെ രൂപരേഖ മാറ്റിയതില്‍ വ്യാപക പ്രതിഷേധം. പുതിയ പ്ലാന്‍ അനുസരിച്ച് പാലം ആരംഭിക്കുന്നത് സ്റ്റോണേജ് ജംക്ഷനു മുന്നില്‍ നിന്നാണ്. ഇവിടെ നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ ജംക്ഷനില്‍ ട്രാഫിക് ഐലന്‍ഡിനു സമീപം എത്തുമ്പോള്‍ പാലത്തിന് 10 അടി ഉയരമാണ് നിജപ്പെടുത്തിയിരിക്കുന്നത്. ഈ ഉയരത്തില്‍ 35 മീറ്ററോളം ദൂരത്തില്‍ പാലം നെടുനീളെ കടന്നു പോകുമ്പോള്‍ ടൗണ്‍ രണ്ടായി വിഭജിക്കപ്പെടുമെന്നാണ് ആശങ്ക.

ഇരുവശങ്ങളിലുമുള്ള കടകള്‍ പാലത്തിന് അടിയിലാകുകയും ചെയ്യും. മാത്രമല്ല ഈ ഭാഗത്ത് തൂണുകള്‍ ഒഴിവാക്കി കോണ്‍ക്രീറ്റ് ഭിത്തികളില്‍ പാലം പണിതുയര്‍ത്താനാണ് പദ്ധതി. ഇതോടെ പ്രകൃതി ദുരന്തങ്ങളോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ പാലത്തിന് താഴെയുള്ളവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ പോലും വഴിയുണ്ടാവില്ലെന്നും ആശങ്കയുണ്ട്. നിലവില്‍ ടൗണിലുള്ള പല കെട്ടിടങ്ങളുടെയും ആദ്യ നിലകള്‍ പാലത്തിന് അടിയിലാകുന്നതോടെ ഉപയോഗശൂന്യമാകുമെന്നും പറയുന്നു.

പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതു മൂലം ശ്വാസം മുട്ടുന്ന ടൗണില്‍ കോണ്‍ക്രീറ്റ് ഭിത്തി തീര്‍ത്ത് പാലം നിര്‍മിക്കുന്നതിലൂടെ പാലത്തിനടിവശത്തുള്ള വ്യാപാരികള്‍ക്ക് ഇരുചക്ര വാഹനം പോലും പാര്‍ക്ക് ചെയ്യാന്‍ കഴിയില്ല. ട്രാഫിക് ഐലന്‍ഡിനു സമീപത്തു നിന്നു ബസ് സ്റ്റാന്‍ഡിന് കുറുകെ കട്ടപ്പന റൂട്ടിലേക്കായിരുന്നു പാലത്തിന്റെ ആദ്യത്തെ രൂപരേഖ. അടിമാലിയില്‍ നിന്നും തൊടുപുഴയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് സെന്‍ട്രല്‍ ജംക്ഷനില്‍ നിന്നു പാലത്തില്‍ പ്രവേശിച്ച് കട്ടപ്പന റൂട്ടിലേക്കു പോകാം. നേരെ തിരിച്ചും.

ഇവിടെ നിന്നു ഗാന്ധിനഗര്‍ കോളനിയിലേക്കു പോകുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. രണ്ടു വശത്തും വിശാലമായ നടപ്പാതയും പ്രത്യേകതയായിരുന്നു. പഴയ പാലവും പരിസരവും പാര്‍ക്കിങ് ഏരിയ നിര്‍മിക്കുന്നതിനും ടൗണിന്റെ അനുബന്ധ വികസനത്തിനുമായാണ് വേര്‍തിരിച്ചിരുന്നത്. ചെറുതോണി പാലത്തിന്റെ രൂപരേഖ മാറ്റിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ചു. ചെറുതോണി വ്യാപാരി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് യോഗം.

പാലത്തിന്റെ രൂപരേഖ മാറ്റി നിശ്ചയിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കലക്ടറും അടിയന്തര യോഗം വിളിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജന്‍ കുന്നേല്‍, ട്രഷറര്‍ ലെനിന്‍ ഇടപ്പറമ്പില്‍ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യോഗം വിളിച്ചത്. 15 നു കലക്ടറേറ്റില്‍ നടക്കുന്ന യോഗത്തില്‍ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും