Friday, May 3, 2024
indiaNewspolitics

മദ്യനയ കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

ദില്ലി: മദ്യനയ കേസുമായി ബന്ധപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ ഇ ഡി സംഘത്തിന്റെ നടന്ന പരിശോധനയെ തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍. എട്ട് ഇ ഡി ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിലെത്തിയത്. വീടിന് പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇ ഡി എത്തിയത്.

കെജ്രിവാളിന് സമന്‍സ് നല്‍കാനാണ് എത്തിയതെന്നാണ് ഇ ഡി സംഘം പറഞ്ഞതെങ്കിലും വീട്ടില്‍ പരിശോധന നടത്തിയതിന് ശേഷമാണ് അറസ്റ്റ് . ദില്ലി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സെര്‍ച്ച് വാറണ്ട് ഉണ്ടെന്ന് ഇ ഡി ഉദ്യോഗസ്ഥര്‍ കെജരിവാളിന്റെ സ്റ്റാഫിനെ അറിയിച്ചിരുന്നു.

മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനായി നിര്‍ണായക നീക്കവുമായി കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരുന്നു. കെജ്രിവാളും, ആം ആദ്മി പാര്‍ട്ടി ഇതിനകം സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു കഴിഞ്ഞു. അടിയന്തര വാദം വേണമെന്നാണ് ആവശ്യം. ഇ ഡി കേസില്‍ അറസ്റ്റ് തടയാത്ത ദില്ലി ഹൈക്കോടതി നടപടിക്ക് എതിരെ ആണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

കെജ്രിവാളിന്റെ അറസ്റ്റ് ഇപ്പോള്‍ തടയില്ലെന്ന് ഉച്ചക്ക് ദില്ലി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ക്കകം ഇ ഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തുകയും ചെയ്തു. മന്ത്രി സൗരഭ് ഭരദ്വാജ് അടക്കമുള്ള എ എ പി നേതാക്കള്‍ കെജരിവാളിന്റെ വീട്ടിലെത്തിയിട്ടുണ്ട്. ഇവിടെ കെജരിവാളിന്റെ നിയമസംഘം കൂടിയാലോചന നടത്തുകയാണ്.