Saturday, April 27, 2024
keralaNews

മകള്‍ ആത്മഹത്യ ചെയ്യില്ല…അവള്‍ക്കു മരണം പേടിയാണ്…:ഷഹാനയുടെ ഉമ്മ ഉമൈബ

കോഴിക്കോട് :”ഇന്നലെ പിറന്നാളിന് ചെല്ലാന്‍ അവള്‍ വിളിച്ചെങ്കിലും അസുഖം കാരണം ഞാന്‍ വരില്ലെന്നു പറഞ്ഞതാണ്. ഉമ്മ വരണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാന്‍ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാന്‍ ഓര് ശ്രമിക്കുന്നുണ്ട്.. ഞാന്‍ തരില്ലെന്നു പറഞ്ഞതില്‍ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ…” വ്യാഴാഴ്ച വൈകിട്ട് മകള്‍ ഫോണില്‍ വിളിച്ച അവസാന വാക്കുകള്‍ വാവിട്ടു കരഞ്ഞു ഷഹാനയുടെ ഉമ്മ ഉമൈബ പറയുമ്പോള്‍ കേട്ടു നിന്നവരും വിതുമ്പി.ഷഹാനയുടെ മരണ വിവരം അറിഞ്ഞു ഇന്നലെ രാവിലെയാണ് ഉമൈബയും ഷഹാനയുടെ സഹോദരന്‍ ബിലാലും മറ്റു ബന്ധുക്കളും കോഴിക്കോട് എത്തിയത്.
”മകള്‍ ആത്മഹത്യ ചെയ്യില്ല…അവള്‍ക്കു മരണം പേടിയാണ്… അവള്‍ ജോലി ചെയ്തു കിട്ടുന്ന പൈസ മുഴുവന്‍ അവന്‍ ധൂര്‍ത്തടിക്കുകയാണ്. പണം കൊടുത്തില്ലെങ്കില്‍ മര്‍ദിക്കും. റൂമില്‍ സുഹൃത്തുക്കളെ കൊണ്ടു വന്നു മദ്യപിക്കുകയും ലഹരിമരുന്നു ഉപയോഗിക്കുന്നതും മകള്‍ ഫോണില്‍ അറിയിക്കാറുണ്ട്. പലവട്ടം അവളോടു വീട്ടിലേക്കു തിരിച്ചു പോരാന്‍ ആവശ്യപ്പെട്ടിട്ടും അവന്‍ ശരിയാകും…ശരിയാകും എന്നു പറഞ്ഞു നില്‍ക്കുകയായിരുന്നു ഉമൈബ പറഞ്ഞു.