Friday, May 3, 2024
indiaNewsUncategorized

ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താനില്‍ നിന്നും പണം കൈപ്പറ്റിയെന്ന് കോടതി

ന്യൂഡല്‍ഹി: കശ്മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക് തീവ്രവാദ ഫണ്ടിംഗ് കേസില്‍ കുറ്റക്കാരന്‍ തന്നെയെന്ന് കോടതി.

ഡല്‍ഹിയിലെ എന്‍ഐഎ കോടതിയാണ് യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് ശരിവെച്ചത്. ഈ മാസം 25ന് ശിക്ഷ വിധിക്കും. ജമ്മുകശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പാക് കേന്ദ്രങ്ങളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് യാസിന്‍ മാലിക്കിനെതിരായ കേസ്.

നേരത്തെ രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിനെ അറസ്റ്റ് ചെയ്തിരുന്നു. തനിക്കെതിരായ കണ്ടെത്തലുകള്‍ എതിര്‍ക്കുന്നില്ലെന്ന് യാസിന്‍ കോടതിയില്‍ അറിയിച്ചു. 2017 സെപ്തംബര്‍ ഏഴിനാണ് യാസിന്‍ മാലിക് അറസ്റ്റിലാകുന്നത്.

കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്ക് പാകിസ്താന്‍ കേന്ദ്രങ്ങളില്‍ നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പണം ലഭിക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് റെയ്ഡ് നടത്തുകയും പിന്നാലെ യാസിന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തീവ്രവാദ ഫണ്ടിംഗ് കേസില്‍ യാസിന് പുറമെ ഷബീര്‍ ഷാ, ഇആര്‍ റാഷിദ്, അല്‍ത്താഫ് മസ്രത്ത്, ഹുറിയത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരനായ ഫായിസ് സയീദാണ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അയച്ചിരുന്നത്.

ജമ്മുകശ്മീരില്‍ തീവ്രവാദവും മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് ധനസമാഹരണത്തിനായി പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിനായി യാസിന്‍ മാലിക് വിപുലമായ സംവിധാനം സ്ഥാപിച്ചിരുന്നതായി കോടതി കണ്ടെത്തിയിരുന്നു.