Friday, May 10, 2024
keralaNews

ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി സുചിത്രയുടെ കുടുംബം

വള്ളികുന്നത്ത് പത്തൊന്‍പതുകാരിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ആരോപണവുമായി കുടുംബം. സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം.വിഷ്ണു ജോലി സ്ഥലത്തേക്കു മടങ്ങിയതോടെ അമ്മ മാനസികമായി പീഡിപ്പിച്ചെന്നാണ് സുചിത്രയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. വിവാഹത്തിന് സ്ത്രീധനമായി 51 പവനും കാറും നല്‍കി. 10 ലക്ഷം രൂപകൂടി വേണമെന്ന് ആവശ്യപ്പെട്ട് വിവാഹ ശേഷം മകളെ മാനസികമായി പീഡിപ്പിച്ചെന്നാണ് മാതാപിതാക്കളുടെ ആരോപണം.മകള്‍ക്ക് നല്‍കിയ സ്വര്‍ണം ഭര്‍തൃ വീട്ടുകാര്‍ പണയംവച്ചെന്നും അവര്‍ ആരോപിക്കുന്നു. കൊല്ലത്തെ വിസ്മയയുടെ മരണവാര്‍ത്തയറിഞ്ഞ് മകളെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് ഉറപ്പുനല്‍കിയെന്നും സുചിത്രയുടെ മാതാപിതാക്കള്‍ പറയുന്നു. 20 വയസിനു മുന്‍പ് നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന് ജാതകത്തില്‍ പറഞ്ഞതുകൊണ്ടാണ് പ്ലസ്ടൂ കഴിഞ്ഞയുടന്‍ കല്യാണം നടത്തിയതെന്നും ഒരു മാദ്ധ്യമത്തോട് കുടുംബം വെളിപ്പെടുത്തി.