Sunday, April 28, 2024
keralaNewspolitics

സവര്‍ക്കറെയും ഗോള്‍വാക്കറെയും കുറിച്ച് പഠിക്കാതെ എങ്ങിനെ അവരുടെ ചിന്താഗതികള്‍ എതിര്‍ക്കും ശശി തരൂര്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. സവര്‍ക്കറെയും ഗോള്‍വാക്കറിനെയും കുറിച്ച് പഠിക്കാതെ എന്ത് അര്‍ത്ഥത്തില്‍ അവരുടെ ചിന്താഗതികള്‍ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നമ്മുക്ക് ഇഷ്ടമില്ലാത്ത വിഷയത്തെക്കുറിച്ച് പോലും വായിക്കുകയും പഠിക്കുകയും ചര്‍ച്ചചെയ്യുകയും അതിനെ കുറിച്ച് മനസിലാക്കുകയും ചെയ്യുമ്‌ബോള്‍ മാത്രമേ പൂര്‍ത്തിയാകുവെന്ന് ശശി തരൂര്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ എസ് എസ് നേതാക്കന്മാരെ കുറിച്ചു മാത്രമല്ല നെഹ്റുവിനെ കുറിച്ചും മഹാത്മാ ഗാന്ധിയെ കുറിച്ചും പഠിപ്പിക്കുന്നുണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കി. കക്ഷി രാഷ്ട്രീയത്തിന്റെ ബലിപീഠത്തില്‍ ബലിയര്‍പ്പിക്കപ്പെടേണ്ട ഒന്നല്ല ബൗദ്ധിക സ്വതന്ത്ര്യമെന്നും ഒരാളുടെ വീക്ഷണങ്ങള്‍ക്കു നേരെ കണ്ണടച്ചതു കൊണ്ട് അയാളെ തോല്‍പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് വിഢിത്തമാണെന്നും തരൂര്‍ പറഞ്ഞു.സവര്‍ക്കറും ഗോള്‍വാക്കറും പറഞ്ഞിട്ടുള്ള നിരവധി കാര്യങ്ങള്‍ തന്റെ പുസ്തകത്തില്‍ താന്‍ ഉദ്ധരിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരുടെ ചിന്താഗതികളെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ സിലബസില്‍ ഹിന്ദുത്വവത്കരണമെന്ന ആരോപണം നിഷേധിച്ച് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിലബസ് പൂര്‍ണമല്ലെന്നും രണ്ടംഗ സമിതി ഇതിനെക്കുറിച്ച് പഠിക്കുമെന്നും വി സി വ്യക്തമാക്കി. സിലബസ് മരവിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സിലബസ് പൂര്‍ണമല്ലെന്നും ഇതിനെക്കുറിച്ച് രണ്ടംഗ സമിതി പഠിക്കുമെന്നും അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായതിന് പിന്നാലെ സര്‍വകലാശാല സിലബസില്‍ ആര്‍ എസ് എസ് നേതാവ് ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തിയ നടപടി താത്കാലികമായി മരവിപ്പിച്ചിരുന്നു. വിവാദ സിലബസിനെതിരേ സര്‍വകലാശാലയില്‍ ഉപരോസമരം നടത്തിയ കെ എസ് യു പ്രവര്‍ത്തകരെയാണ് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വാക്കാല്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ സിലബസ് മരവിപ്പിക്കില്ലെന്ന് വി സി വ്യക്തമാക്കുകയായിരുന്നു.

”പഠിക്കേണ്ടത് തന്നെയാണ് സിലബസിലുള്ളത്. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സിലബസിനെ കുറിച്ച് പഠിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന് ശേഷമെ സിലബസ് പിന്‍വലിക്കുന്നതിനെ പറ്റി ആലോചിക്കുള്ളു. സര്‍വകലാശാലക്ക് പുറത്തുള്ള അധ്യാപകരെയാണ് പഠിക്കാന്‍ നിയമിച്ചിരിക്കുന്നത്”- അദ്ദേഹം പറഞ്ഞു.പി ജി കോഴ്സില്‍ ആര്‍ എസ് എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ഗോള്‍വാള്‍ക്കറുടെ ‘വീ ഓര്‍ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍ഡ്’, ‘ബഞ്ച് ഓഫ് തോട്ട്സ്’, സവര്‍ക്കറുടെ ‘ഹിന്ദുത്വ; ഹൂ ഇസ് എ ഹിന്ദു’ എന്നീ പുസ്തകങ്ങളിലെ ചില ഭാഗങ്ങളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പാഠഭാഗങ്ങള്‍ ഉള്ളത്. തീംസ് – ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങള്‍ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീനദയാല്‍ ഉപാധ്യായ, ബാല്‍രാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.