Monday, April 29, 2024
HealthindiakeralaNewsUncategorized

ഭക്ഷ്യ സുരക്ഷ: കേന്ദ്ര മന്ത്രിയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി രാജ്യത്ത് ഭക്ഷ്യ സുരക്ഷ സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയത്.                ആദ്യമായാണ് ഭക്ഷ്യസുരക്ഷയില്‍ കേരളത്തിന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ട്രോഫിയും പ്രശസ്തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യയില്‍ നിന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് പുരസ്‌കാരം ഏറ്റുവാങ്ങി. ഭക്ഷ്യ സുരക്ഷയില്‍ കൃത്യമായും ചിട്ടയായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ഒന്നാം സ്ഥാനമെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. മുന്‍ വര്‍ഷത്തെ വരുമാനത്തെക്കാള്‍ 193 ശതമാനം അധികം റെക്കോഡ് വരുമാനമാണ് 2022-23 കാലയളവില്‍ നേടിയത്. ഈ കാലത്ത് 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് വരുമാനമാണ് നേടിയത്. 15.41 കോടി രൂപ നേടി 2018-19 ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയോളം വളര്‍ച്ച ഇക്കുറി കൈവരിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.