Monday, April 29, 2024
indiaNews

 അജിത് പവാര്‍ ബിജെപി ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നു.

മുംബൈ:എന്‍സിപി വിട്ട് അജിത് പവാര്‍ ബിജെപി ശിവസേന സഖ്യത്തിനൊപ്പം ചേര്‍ന്നു.എന്‍സിപിയിലെ തലമുറ മാറ്റത്തെ തുടര്‍ന്ന് അജിത് പവാറിനെ പിന്തള്ളി മകള്‍ സുപ്രിയ സുലെയെയാണ് ശരദ് പവാര്‍ നിയോഗിച്ചത് മുതല്‍ മഹാരാഷ്ട്രയിലെ എന്‍സിപിയുടെ പതനം ആരംഭിച്ചു. പ്രതിപക്ഷത്തായിരുന്നു അജിത് ഇതോടെ മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭരണ സാരഥ്യത്തിലേയ്ക്ക് എത്തിയേക്കും. 29 എംഎല്‍എമാരുമായാണ് പവാര്‍ എന്‍സിപി വിടുന്നത്. ഇത് എന്‍സിപിയുടെ ശക്തിക്ഷയത്തിന് കാരണമാകും.

മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം പവാര്‍ പരസ്യമായി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം. ഇന്ന് രാവിലെ അജിത് പവാറിന്റെ മുംബൈയിലെ വസതിയില്‍ എന്‍സിപി നിയമസഭാംഗങ്ങളുടെ യോഗം ചേര്‍ന്നിരുന്നു. അവിടെ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ഛഗന്‍ ഭുജ്ബല്‍ എന്നിവരും പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ മുംബൈയിലെ കൂടിക്കാഴ്ചയെക്കുറിച്ച് അറിയില്ലെന്നായിരുന്നു ശരദ് പവാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അജിത് പവാര്‍ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇവരെ കൂടാതെ ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ടെ, അനില്‍ പാട്ടീല്‍, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരും മന്ത്രിമാരായി ത്യപ്രതിജ്ഞ ചെയ്യും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മന്ത്രിമാര്‍ എന്നിവരും രാജ്ഭവനിലുണ്ട്. ഇതിന് പുറമെ ശരദ് പവാറുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേലും രാജ്ഭവനിലുണ്ട്.