Friday, May 3, 2024
keralaNews

ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനത്തിനു കത്തയച്ചു. തമിഴ്‌നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്. എര്‍ത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നും ഇന്നലെ നല്‍കിയ കത്തില്‍ കേന്ദ്രം ആവശ്യപ്പെട്ടു.ബേബി ഡാം ശക്തിപ്പെടുത്താനാണ് അണക്കെട്ടിനോട് ചേര്‍ന്ന 23 മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. സംസ്ഥാനം 15 മരങ്ങള്‍ മുറിക്കാന്‍ അനുമതി കൊടുത്തു. പിന്നീട് വിവാദമായതിനെത്തുടര്‍ന്ന് ഉത്തരവ് മരവിപ്പിച്ചു. ഉത്തരവ് മരവിപ്പിച്ചാലും ബേബി ഡാം ശക്തിപ്പെടുത്തുന്ന വിഷയം നിയമപോരാട്ടങ്ങള്‍ക്കിടയാക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ, മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വ. ജനറലിനോടാണ് നിയമോപദേശം തേടിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി നിയമോപദേശം ലഭിച്ച ശേഷം മാത്രം മതിയെന്നാണ് തീരുമാനം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെതിരെ മാത്രം നടപടി എടുത്താല്‍ ചോദ്യം ചെയ്യപ്പെടുമോ എന്ന് സര്‍ക്കാരിന് ആശങ്കയുണ്ട്.