Monday, May 6, 2024
keralaNews

ബുള്ളറ്റ് കഴുകി നല്‍കാന്‍ വൈകി;വര്‍ക്ക് ഷോപ്പ് ഉടമയെ എട്ടംഗ സംഘം മര്‍ദ്ദിച്ചു

കോഴിക്കോട് മുക്കത്ത് വര്‍ക്ക് ഷോപ്പ് ഉടമയെ എട്ടംഗ സംഘം മര്‍ദ്ദിച്ചു. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് കൊടിയത്തൂര്‍ സ്വദേശി റുജിഷ് റഹ്‌മാന്‍ എന്ന വര്‍ക്ക് ഷോപ്പ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്.ബൈക്ക് കഴുകി നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറയുന്നത്. മൂന്ന് ബൈക്കുകളിലായെത്തിയ എട്ടോളം വരുന്ന സംഘമാണ് മര്‍ദിച്ചത്. മര്‍ദനത്തില്‍ പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.ക്രൂരമായ മര്‍ദ്ദനമാണ് റുജീഷിന് ഏല്‍ക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്റെ തീരുമാനം. നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.