Saturday, May 4, 2024
keralaNews

ബാറിലെ സംഘര്‍ഷം ഒന്നാംപ്രതിയെ പോലീസ് തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഇന്നലെ കഴക്കൂട്ടത്ത് ബാറില്‍ നടന്ന സംഘര്‍ഷത്തില്‍ ഒന്നാംപ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ചിറയിന്‍കീഴ് സ്വദേശിയും കൊല കേസ് പ്രതിയുമായ അഭിജിത്താണ് (ശ്രീക്കുട്ടന്‍) യുവാക്കളെ നിരവധി തവണ കുത്തി പരിക്കേല്‍പ്പിച്ചത്. 2021 ല്‍ ചിറയിന്‍കീഴ് സ്റ്റേഷന്‍ പരിധിയില്‍ മുടപുരത്ത് അജിത് എന്നയാളെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ഇവന്‍ കഴക്കൂട്ടത്തെ ഒരു ജിമ്മില്‍ ട്രെയിനറായി ജോലി നോക്കി വരികയാണ്. അഭിജിത് 2021-ല്‍ ചിറയിന്‍ കീഴില്‍ യുവാവിനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്.                        അഭിജിത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ള ഷമീമില്‍ നിന്ന് കത്തി വാങ്ങി നാല് പേരെയും കുത്തിയത് അഭിജിത്താണെന്നാണ് പൊലീസ് പറയുന്നത്. ശ്രീകാര്യം അലത്തറ സ്വദേശികളായ സൂരജ് ,സ്വരൂപ് ,ആക്കുളം സ്വദേശി വിശാഖ്, ശ്രീകാര്യം സ്വദേശി ഷാലു എന്നിവര്‍ക്കാണ് കുത്തേറ്റത്. സുഹത്തിന്റെ പിറന്നാളോഘോഷിക്കാനായി ടെക്‌നോപാര്‍ക്കിന് സമീപത്തെ മദ്യശാലയില്‍ ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് പിറന്നാള്‍ സംഘം എത്തുന്നത്. ഇവര്‍ എത്തുമ്പോള്‍ കഠിനംകുളം സ്വദേശി ഷെമീമും സംഘവും മദ്യശാലയിലുണ്ടായിരുന്നു.ഇരു സംഘങ്ങളും തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ രണ്ട് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.വിവരമറിഞ്ഞ് എത്തിയ കഴക്കൂട്ടം പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

അക്രമി സംഘത്തിലെ കഠിനംകുളം സ്വദേശി ഷമീം, കല്ലമ്പലം സ്വദേശി അനസ് എന്നിവരെ കഴക്കൂട്ടം പൊലിസ് കസ്റ്റഡിലെടുത്തു. പത്തംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു. പിറന്നാളുകാരനായിരുന്ന അക്ബര്‍ അടക്കം ബാക്കി പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. സ്ഥലത്ത് പൊലീസ് ഫോറന്‍സിക് വിഭാഗവും, കഴക്കൂട്ടം എക്‌സൈസും പരിശോധന നടത്തി. ബാറിന്റെ പ്രവര്‍ത്തന സമയത്തിന് ശേഷവും പ്രവര്‍ത്തിച്ചിരുന്നുവോയെന്ന കാര്യവും എക്‌സൈസും പരിശോധിക്കുന്നു.