Thursday, May 2, 2024
keralaNews

പാവപ്പെട്ടയാളുകള്‍ക്ക് കൈത്താങ്ങായി പ്രവർത്തിക്കാൻ കഴിയണം;മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍.

എരുമേലി: നമ്മുടെ സമൂഹം ദാരിദ്ര രഹിതമായിരിക്കാൻ പാവപ്പെട്ടയാളുകള്‍ക്ക് ഒരു   കൈത്താങ്ങായി പ്രവർത്തിക്കാൻ ഇടവകാംഗങ്ങൾക്ക് കഴിയണമെന്ന്
പരിശുദ്ധ കാതോലിക്ക ബാവാ മോറന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ പറഞ്ഞു. എരുമേലി കനകപ്പലം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പഴയപള്ളിയുടെ നൂറു വർഷം പിന്നിടുന്ന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളിസ്ഥിതി ചെയ്യുന്ന കനകപ്പലം പ്രദേശം  ഉൾപ്പെടുന്ന മേഖലയിലെ ജനങ്ങൾക്കൊപ്പം ചേർന്ന്
പ്രവര്‍ത്തിക്കാന്‍ അദേഹം ആഹ്വാനം ചെയ്തു.ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഈ ഇടവകയുടെ സമ്പത്ത്  പ്രയോജനപ്പെടുത്തണമെന്നും
 അദേഹം പറഞ്ഞു. വിശ്വാസി സമൂഹത്തിന്റെ നൂറു വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് ഉന്നതിയിലെത്തി നില്‍ക്കുന്ന കനകപ്പലത്തെ പഴയപള്ളി മാതൃകയാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവരെയും  അഭിനന്ദിക്കുന്നതായും അദേഹം പറഞ്ഞു.
1923 മെയ് 6 ന്  പൊതുയോഗം കൂടി എഴുതിയ പാടിയോലയും,ഒറ്റകരിങ്കല്ലിൽ തീർത്ത  മാമോദീസത്തൊട്ടിയും, ഹൈന്ദവ ആചാര അനുഷ്ഠാനങ്ങൾക്കായി  അഷ്ടമംഗല്യ കണക്കുകളിൽ നിർമ്മിച്ച തറയിൽ പള്ളിയിലെ കൽക്കുരിശ് സ്ഥാപിച്ചിരിക്കുന്നുവെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. നൂറു വർഷം മുമ്പത്തെ കണക്കുകൾ, സ്ഥലം നൽകിയവർ, നിർമ്മാണത്തിന് നേതൃത്വം നൽകിയവർ, സഭയിലെ മറ്റ് അംഗങ്ങൾ വിശദമായ രജിസ്റ്ററും ഇന്നും സൂക്ഷിക്കുന്നു .

1921ൽ  പള്ളിയും , പള്ളിയോട്  ചേർന്ന് ശവകോട്ടയും നിർമ്മിക്കുന്നതിനായി  തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ ആജ്ഞപ്രകാരം സർക്കാർ ചീഫ് സെക്രട്ടറി എൻ. രാജരാമ രായർ രേഖാമൂലം അനുവാദം നൽകിയ കത്തും  ഇവിടെ ഇന്നും സൂക്ഷിക്കുന്നതിന് അംഗങ്ങളെ   അദ്ദേഹം  അഭിനന്ദിച്ചു.ചടങ്ങിൽ ശതാബ്ദിയോടനുബന്ധിച്ച് നവീകരിച്ച പള്ളിയുടെ ശതാബ്ദി സ്മാരക ശിലയും, ശതാബ്ദി സ്മാരക കവാടവും സമര്‍പ്പിച്ചു. നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം. എല്‍. എ. ശതാബ്ദി സഹായവിതരണം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ബിജു ജോണ്‍ ചാലക്കുഴി ചരിത്ര അവതരണം നടത്തി. പള്ളിയുടെ പുരോഗതിയ്ക്ക് നല്‍കി വരുന്ന പിന്തുണയ്ക്ക് എരുമേലി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി 32 വര്‍ഷം പൂര്‍ത്തീകരിച്ച സഖറിയ ഡോമിനിക് ചെമ്പകത്തുങ്കലിനെ സമ്മേളനത്തില്‍ കാതോലിക്ക ബാവ ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ മുതിര്‍ന്ന വികാരിമാര്‍ക്കും, ഇടവകയിലെ മുതിര്‍ന്ന ആളുകള്‍ക്കും മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് ആദരവ് നല്‍കി. ബ്ലോക്ക് പഞ്ചായത്തംഗം ടി. എസ്. കൃഷ്ണകുമാര്‍, വാര്‍ഡംഗം സുനില്‍ ചെറിയാന്‍, ഇടവകയുടെ മുന്‍ വികാരിമാര്‍ ഫാ. ജോണ്‍ സാമുവേല്‍, ട്രസ്റ്റി കുര്യന്‍ പോള്‍ ചാലക്കുഴി, ജനറല്‍ കണ്‍വീനര്‍ ബിനോ ജോണ്‍ ചാലക്കുഴി, പബ്ലിസിറ്റി കണ്‍വീനര്‍ സി. പി. മാത്തന്‍, റോബിന്‍ സി. വര്‍ഗീസ്, എന്നിവര്‍ പ്രസംഗിച്ചു.