Sunday, May 5, 2024
BusinesskeralaNews

ബവ്‌റിജസ് കോര്‍പറേഷന്റെ പ്രീമിയം മദ്യഷോപ്പുകളില്‍ യുപിഐ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചു

തിരുവനന്തപുരം; ബവ്‌റിജസ് കോര്‍പറേഷന്റെ പ്രീമിയം മദ്യഷോപ്പുകളില്‍ യുപിഐ സേവനം ആരംഭിക്കാന്‍ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എംഡി എസ്.ശ്യാം സുന്ദര്‍ ഐപിഎസ് പറഞ്ഞു. ആകെ 265 മദ്യഷോപ്പുകളാണ് ബവ്‌റിജസ് കോര്‍പറേഷന് ഉള്ളത്. ഇതില്‍ 95 ഷോപ്പുകള്‍ സെല്‍ഫ് സര്‍വീസ്-പ്രീമിയം ഷോപ്പുകളാണ്. ആദ്യം ഇവിടെ പദ്ധതി നടപ്പിലാക്കിയശേഷം എല്ലാ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മദ്യം വാങ്ങുമ്പോള്‍ ചില്ലറ തിരികെ കൊടുക്കാതെയുള്ള തട്ടിപ്പുകള്‍ നടക്കുന്നതായി നിരവധി പരാതികള്‍ ബവ്‌കോ ആസ്ഥാനത്ത് ലഭിച്ചിരുന്നു. പരാതികളില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് യുപിഐ സേവനം നല്‍കാന്‍ തീരുമാനിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റ് ആയാല്‍ പണത്തട്ടിപ്പ് തടയാന്‍ കഴിയുമെന്ന് അധികൃതര്‍ പറയുന്നു.

നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ വികസിപ്പിച്ചത്. ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് എന്നത് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് ഉള്‍പ്പെടുത്തുന്ന സംവിധാനമാണ്. യുപിഐ ശൃംഖലയില്‍ 270ല്‍ അധികം ബാങ്കുകളുണ്ട്. വിവിധ ബാങ്കുകളുടെ ആപ്പുകള്‍ക്കു പുറമേ നാഷനല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം, ആമസോണ്‍ പേ തുടങ്ങി യുഐപി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി പണമിടപാടിനു സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്.