Tuesday, May 14, 2024
keralaNews

ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി സജി ചെറിയാന്‍.യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു.കൃത്യമായി അന്വേഷണം നടക്കുന്നുണ്ട്. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീതിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.രണ്‍ജീത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്.പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഡിജിറ്റല്‍ തെളിവുകള്‍ ഒന്നും പ്രതികള്‍ അവശേഷിപ്പിക്കാത്തതാണ് ഒരു തുമ്പും കിട്ടാതിരിക്കാനുള്ള പ്രധാന കാരണം. ആലപ്പുഴ ജില്ലയില്‍ ഇന്നലെ രാത്രിയിലും എസ്ഡിപിഐ- ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളില്‍ പൊലീസ് പരിശോധന ഉണ്ടായിരുന്നു. കെ എസ് ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ അഖിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.റിമാന്‍ഡിലുള്ള അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങിയേക്കും.