Thursday, May 9, 2024
keralaNews

സമൂഹമാധ്യമത്തിലൂടെ ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം : വിനായകനെതിരെ കേസ് വേണ്ട : ചാണ്ടി ഉമ്മന്‍

സമൂഹമാധ്യമത്തില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ കേസ് എടുക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, സംഭവത്തില്‍ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്‌തേക്കും. ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.