Thursday, May 9, 2024
keralaNews

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായി; കേരളത്തില്‍ ശക്തമായ മഴ തുടരും.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് തമിഴ്‌നാട്ടിലും ആന്ധ്രയുടെ കിഴക്കന്‍ തീരങ്ങളിലും കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദം തീര്‍ത്തും ദുര്‍ബലമായി. ഇന്നലെ വൈകുന്നേരത്തോടെ തമിഴ്‌നാടിന്റെ വടക്കന്‍ തീരത്ത് ന്യൂനമര്‍ദ്ദം കരതൊട്ടതോടെ മഴയ്ക്ക് ശമനമായി. പക്ഷേ ചെന്നൈയിലും തീരദേശ ജില്ലകളിലും വെള്ളക്കെട്ട് തുടരുകയാണ്. ഗതാഗത സൗകര്യങ്ങളും തകരാറിലായ വൈദ്യുതി വിതരണവും പുന:സ്ഥാപിച്ചുവരുന്നു. കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായ കടലൂരില്‍ ഇന്നും സ്‌കൂളുകള്‍ക്ക് അവധിയാണ്. എവിടെയും റെഡ് അലേര്‍ട്ട് ഇല്ല. വരും ദിവസങ്ങളില്‍ ചെന്നൈയില്‍ സാധാരണ മണ്‍സൂണ്‍ മഴ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം തുടരുന്ന കാഞ്ചീപുരം, വെല്ലൂര്‍, റാണിപേട്ട് ജില്ലകളില്‍ വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്.ആന്ധ്രയുടെ തീരമേഖലയില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴ. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ നിന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.ദുരിതാശ്വാസ ക്യാമ്പുകള്‍ അടക്കം സജ്ജീകരിച്ചു. ക്യാമ്പുകളിലേക്ക് മാറിയ കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ വീതം ധനസഹായം മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി പ്രഖ്യാപിച്ചു. ദേശീയ ദുരന്തനിവാരണ സേനയെ മേഖലയില്‍ വിന്യസിച്ചു.കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാളോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊണ്ടേക്കും.