Monday, April 29, 2024
keralaNewspolitics

തൊണ്ടി മുതല്‍ കേസ് തുടര്‍ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി : തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജി നിലനില്‍ക്കുമെന്നറിയിച്ച ഹൈക്കോടതി കേസിലെ തുടര്‍ നടപടികള്‍ ഒരു മാസത്തേക്ക് തടഞ്ഞു. വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് നടപടി.                                                                                         തനിക്കെതിരെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം സമര്‍പ്പിക്കാനോ പൊലീസിന് അവകാശമില്ലെന്നും ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രം ഫയലില്‍ സ്വീകരിച്ചത് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.                                                                                                                                തൊണ്ടിമുതല്‍ മോഷണ കേസില്‍ വിചാരണക്കോടതിയില്‍ നിന്നും ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഹര്‍ജി നല്‍കിയത്. 2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ അനന്തമായി നീളുന്നത് ഗൗരവകരമാണെന്ന് ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹര്‍ജിയില്‍ സിംഗിള്‍ ബഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.                                                     ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയില്‍ സൂക്ഷിച്ച തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്‌ക്കെതിരായ കേസ്. തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്. 1994 ലാണ് സംഭവമുണ്ടാകുന്നത്.                                                                                                                   2006 ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ വിചാരണ ആരംഭിക്കുമ്പോള്‍ മന്ത്രിക്കെതിരായ പ്രോസിക്യൂഷന വാദങ്ങള്‍ സ്ഥാപിച്ചെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. 29 സാക്ഷികളില്‍ എല്ലാവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ മരിച്ചു. ബാക്കി എല്ലാവരും 60 വയസ്സിന് മേല്‍ പ്രായമുള്ളവരാണ്.