Saturday, May 4, 2024
keralaNewsObituary

ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു

പശ്ചിമബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസര്‍ഗഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് റിസാഹുല്‍ ഹഖിന്റെ മരണം സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

മൂര്‍ഷിദാബാദ് ജില്ലയിലെ സംസര്‍ഗഞ്ച് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ റിസാഹുല്‍ ഹഖ് അര്‍ധരാത്രിയോടെ കൊറോണ ബാധിച്ച് മരിച്ചതായി ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് സെക്രട്ടറി രോഹന്‍ മിത്ര ട്വീറ്റ് ചെയ്തു.

ബംഗാളില്‍ നാലുഘട്ട തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കെയാണ് കോവിഡ് ബാധിതനായി റിസാഹുല്‍ ഹഖിന്റെ മരണം. കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് എല്ലാ പാര്‍ട്ടികളുടെയും യോഗം തെരഞ്ഞെടുപ്പ് കമീഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം.

അതേസമയം ബംഗാളില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്. കഴിഞ്ഞദിവസം 5,892 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.