Saturday, May 11, 2024
indiaNews

യോഗ മാനവികതയ്ക്കുള്ള ഇന്ത്യയുടെ സമ്മാനമാണ്;രാഷ്ട്രപതി

ന്യൂഡല്‍ഹി: യോഗ, ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യത്തിന് വേണ്ടിയുള്ള നല്ല മാര്‍ഗമാണ് യോഗ.                       

ശരീരത്തെയും മനസിനെയും ആത്മാവിനെയും സന്തുലിതപ്പെടുത്താനും യോഗയ്ക്ക് കഴിയും. അന്താരാഷ്ട്ര യോഗദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയുകയായിരുന്നു അദ്ദേഹം.

യോഗ ദിനചര്യയുടെ ഭാഗമാക്കാനും ഇതിന്റെ ഗുണങ്ങള്‍ അനുഭവിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടു. യോഗ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

രാഷ്ട്രപതി യോഗ അഭ്യസിക്കുന്നതിന്റെ ചിത്രങ്ങളും രാഷ്ട്രപതിഭവന്‍ പങ്കുവച്ചു.

രാഷ്ട്രപതിഭവനില്‍ നിന്നുളള ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും യോഗദിനാചരണത്തില്‍ പങ്കാളികളായി.                                                                     

സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 ഇടങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് യോഗ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

മൈസൂരിലെ പാലസ് ഗ്രൗണ്ടില്‍ നടന്ന സമൂഹയോഗയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പങ്കെടുത്തത്. പ്രധാനമന്ത്രിയ്ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12,000 ത്തോളം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്നതാണ് എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം. മൈസൂര്‍ മഹാരാജാവും മഹാറാണിയും പാലസ് ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

യോഗ പ്രപഞ്ചത്തിനൊട്ടാകെ സമാധാനം നല്‍കുന്നു. പ്രപഞ്ചം മുഴുവനും ആരംഭിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നുമാണ്. അതായത് പ്രപഞ്ചം ആരംഭിക്കുന്നത് നമ്മില്‍ നിന്നാണ്.

നമ്മുടെ ഉള്ളിലുള്ള എല്ലാ കാര്യങ്ങളെയും കുറിച്ച് യോഗ നമ്മെ ബോധവാന്മാരാക്കുകയും അവബോധം വളര്‍ത്തുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രിയുടെ യോഗദിന സന്ദേശത്തില്‍ വ്യക്തമാക്കുന്നു.