Sunday, April 28, 2024
keralaNews

ഫെയ്‌സ്ബുക്കിലൂടെ കുരുക്കിട്ടു; ഹണിട്രാപ് ഒരുക്കി കവര്‍ച്ച: ദമ്പതികള്‍ അറസ്റ്റില്‍

ഹണി ട്രാപ് തട്ടിപ്പിലൂടെ യുവാവിനെ വശീകരിച്ച് ലോഡ്ജ് മുറിയിയിലെത്തിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന യുവതിയും ഭര്‍ത്താവും അറസ്റ്റിലായി. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശി രാഖി, ഭര്‍ത്താവ് പന്തളം കൂരമ്പാല സ്വദേശി രതീഷ് എസ്. നായര്‍ എന്നിവരാണ് തമിഴ്‌നാട്ടില്‍നിന്നു പിടിയിലായത്. ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ യുവാവാണു തട്ടിപ്പിനിരയായത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ഒന്നര മാസം മുന്‍പ് രാഖിയും ചേര്‍ത്തല കുത്തിയതോട് സ്വദേശിയായ യുവാവും തമ്മില്‍ സൗഹൃദത്തിലാകുന്നത്. ശാരദ ബാബു എന്ന വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ആണ് രാഖി ഉപയോഗിച്ചിരുന്നത്. ചെങ്ങന്നൂര്‍ മുളക്കുഴ സ്വദേശിയാണ് രാഖി. ഭര്‍ത്താവ് രതീഷ് എസ്. നായര്‍ പന്തളം കൂരമ്പാല സ്വദേശിയുമാണ്. ചേര്‍ത്തല കുത്തിയതോട് സ്വദേശി വിവേകിനെ കബളിപ്പിച്ചാണ് അഞ്ചര പവന്റെ സ്വര്‍ണ്ണാഭരണങ്ങളും സ്മാര്‍ട്ട് ഫോണും ഇവര്‍ അപഹരിച്ചത്.രാഖി ഐടി മേഖലയില്‍ ഉദ്യോഗസ്ഥയാണെന്നും സ്‌കൂളില്‍ ഒരുമിച്ചു പഠിച്ചിരുന്നുവെന്നും വിശ്വസിപ്പിച്ചാണ് ഫെയ്‌സ്ബുക് സൗഹൃദത്തിന്റെ തുടക്കം. വ്യാഴാഴ്ച രാഖിയുടെ സുഹൃത്തിന്റെ വിവാഹം ചെങ്ങന്നൂരില്‍ ഉണ്ടെന്നും ഇവിടെ എത്തിയാല്‍ സൗഹൃദം പുതുക്കാം എന്നു പറഞ്ഞാണ് വിവേകിനെ ക്ഷണിച്ചു വരുത്തിയത്. ബുധനാഴ്ച തന്നെ രാഖിയും രതീഷും ചെങ്ങന്നൂരിലെത്തി വെള്ളാവൂര്‍ ജംക്ഷനിലുള്ള ലോഡ്ജിലും ആശുപത്രി ജംക്ഷനിലുള്ള മറ്റൊരു ലോഡ്ജിലും മുറികളെടുത്തു.

വ്യാഴാഴ്ച ഉച്ചയോടെ ചേര്‍ത്തലയില്‍നിന്നും വിവേക് ലോഡ്ജില്‍ എത്തി. രാഖിയുടെ നിര്‍ദേശം അനുസരിച്ച് ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് എത്തിയത്. ശുചിമുറിയില്‍ പോയി മടങ്ങി വന്നപ്പോള്‍ ഗ്ലാസില്‍ ഒഴിച്ച ബിയറില്‍നിന്ന് സാധാരണയില്‍ കൂടുതല്‍ പത ഉയരുന്നതു കണ്ടു സംശയം തോന്നിയെങ്കിലും രാഖി നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. മയക്കുമരുന്നു കലര്‍ത്തിയ ബിയര്‍ കഴിച്ചതോടെ മയക്കത്തിലായ വിവേകിനെ രാത്രി 10 മണിയോടെ ഹോട്ടല്‍ ജീവനക്കാര്‍ വിളിച്ചുണര്‍ത്തുകയായിരുന്നു.

ഹോട്ടല്‍ ഉടമയുടെ നിര്‍ബന്ധപ്രകാരം ആണ് ചെങ്ങന്നൂര്‍ പൊലീസില്‍ യുവാവ് പരാതി നല്‍കിയത്. അന്നു രാവിലെ മറ്റൊരു ഇരയെ വീഴ്ത്താന്‍ ഇവര്‍ തന്ത്രം മെനഞ്ഞെങ്കിലും വിജയിച്ചില്ല. ആഭരണങ്ങളും മൊബൈല്‍ ഫോണും പണവും അപഹരിച്ചശേഷം സ്വന്തംകാറില്‍ രാഖിയും രതീഷും കന്യാകുമാരിയിലേക്കു പോയി. അവിടെയാണിവര്‍ വാടകയ്ക്ക് താമസിക്കുന്നത്. സ്വര്‍ണം അവിടെ വിറ്റഴിച്ചു.രതീഷിന്റെ കാറിന്റെ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള സൂചന ലഭിച്ചത്. വിവിധ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ ഇവര്‍ പഴനിയിലേക്കു പോയതായി വ്യക്തമായി. ഇന്നലെ പുലര്‍ച്ചെ പഴനിയില്‍നിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. ഈ സമയം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവര്‍ ചെലവഴിക്കുന്നത്.

ഓച്ചിറ, എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ യുവാക്കളെ പറ്റിച്ചു സ്വര്‍ണ്ണാഭരണങ്ങളും വില കൂടിയ ഫോണും അപഹരിച്ചതായി തെളിഞ്ഞിട്ടുണ്ട്. തട്ടിപ്പിന് ഇരയായ നിരവധിപ്പേരുടെ വിവരങ്ങള്‍ പൊലീസിനു ലഭിച്ചു .പ്രതികളെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ആര്‍.ജയദേവിന്റെ മേല്‍നോട്ടത്തില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.