Thursday, May 2, 2024
keralaNewspolitics

പത്രിക തള്ളല്‍ കോടതിസമക്ഷം; ഞായറാഴ്ചയായിട്ടും പ്രത്യേക സിറ്റിങ്; ഇന്നു വിശദ വാദം

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഞായറാഴ്ചയായിട്ടും ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എന്‍. നഗരേഷ് ഹര്‍ജികള്‍ ഇന്നത്തേക്കു മാറ്റി. അതേസമയം, തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനു ശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പു കമ്മിഷന്‍ ഉന്നയിച്ചിട്ടുണ്ട്.പിറവത്തു സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥി റോബിന്‍ മാത്യുവിനു പത്രികയ്‌ക്കൊപ്പം വേണ്ട ഫോം എയും ബിയും നല്‍കാന്‍ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലര്‍ക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ഥി നിവേദിത സുബ്രഹ്‌മണ്യന്റെ അഭിഭാഷകന്‍ വാദിച്ചു. കൊണ്ടോട്ടിയില്‍ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു. റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാര്‍ഥി എന്‍. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു.ഒപ്പിട്ടതിന്റെ ഒറിജിനല്‍ പകര്‍പ്പു നല്‍കണമെന്നാണു വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനയ്ക്കു മുന്‍പേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോര്‍ണി ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജിയെ എതിര്‍ത്തു കക്ഷി ചേരാനെത്തിയ തലശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.പി. അരവിന്ദാക്ഷന്റെ വാദം ഇന്നു കേള്‍ക്കും.