Saturday, May 4, 2024
indiaNewspolitics

പ്രതിപക്ഷ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ് പിരിഞ്ഞു; ഇനി 15ന്

ഇന്ധന വിലവര്‍ധന, കര്‍ഷക നിയമങ്ങള്‍ എന്നിവ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും 15ാം തീയതി ചേരാന്‍ പിരിഞ്ഞു. ഇന്നു ശിവരാത്രിയായതിനാല്‍ അവധിയാണ്. സാധാരണ വ്യാഴാഴ്ച അവധി വന്നാല്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കുന്ന കീഴ്വഴക്കമുള്ളതിനാലാണ് തിങ്കളാഴ്ച ചേരാന്‍ സഭ പിരിഞ്ഞത്.രാജ്യസഭയില്‍ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡുവും ലോക്‌സഭയില്‍ സ്പീക്കര്‍ ഓം ബിര്‍ലയും ഇരുവിഷയങ്ങളും ചര്‍ച്ച ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. തുടര്‍ന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിച്ചു. ലോക്‌സഭയില്‍ ഹൈബി ഈഡന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബെന്നി ബഹനാന്‍, വി.കെ.ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ നടുത്തളത്തിലിറങ്ങി. ഇരുസഭകളും ബഹളത്തെത്തുടര്‍ന്ന് 2 തവണ വീതം നിര്‍ത്തിവച്ചിരുന്നു.

രാവിലെ നിര്‍ത്തിവച്ച ലോക്‌സഭ 12.30നു ചേര്‍ന്നപ്പോള്‍ ദാദ്രാ നഗര്‍ ഹവേലിയില്‍ നിന്നുള്ള സ്വതന്ത്ര എംപി മോഹന്‍ ദേല്‍ക്കറുടെ നിര്യാണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ശിവസേനയുടെ വിനായക് റൗട്ട് ആവശ്യപ്പെട്ടു. ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന കലക്ടറെയും എസ്പിയെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബഹളത്തിനിടെ ദേശീയ തലസ്ഥാന മേഖലാ നിയമ ഭേദഗതി ബില്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി അവതരിപ്പിക്കുകയും സഭ പാസാക്കുകയും ചെയ്തു. നിയമം 3 വര്‍ഷത്തേക്കു കൂടി നീട്ടുന്നതാണു ബില്‍. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ച ശേഷം എല്ലാ ദിവസവും ബഹളം കാരണം ഇരുസഭകളും പിരിയുകയായിരുന്നു.