Saturday, May 4, 2024
indiaNews

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല.

ന്യൂഡല്‍ഹി :പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല. പാര്‍ട്ടിയില്‍ ചേരണമെന്ന നിര്‍ദേശം പ്രശാന്ത് കിഷോര്‍ തള്ളിയെന്നു കോണ്‍ഗ്രസ് വക്താവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിങ് സുര്‍ജേവാല വ്യക്തമാക്കി. നല്‍കിയ നിര്‍ദേശങ്ങള്‍ക്കു പ്രശാന്തിന് നന്ദി പറയുന്നുവെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു. കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള നിര്‍ണായക യോഗത്തില്‍ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഇല്ലാതായതോടെ പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശം ഉള്‍പ്പെടെ കാര്യങ്ങളില്‍ അന്തിമ തീരുമാനം സോണിയ ഗാന്ധിക്കു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പിന്‍മാറ്റം.

പ്രിയങ്ക ഗാന്ധിയും അംബികാ സോണിയും കിഷോറിന്റെ വരവിനെ അനുകൂലിച്ചപ്പോള്‍, മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, ജയറാം രമേശ് എന്നിവര്‍ എതിര്‍ത്തു. എ.കെ.ആന്റണിയും കെ.സി.വേണുഗോപാലും പ്രശാന്ത് വരുന്നതിന്റെ നേട്ടവും കോട്ടവും അവതരിപ്പിച്ചു. കോണ്‍ഗ്രസില്‍ കിഷോറിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി ഇഷ്ടാനുസരണം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നതു ഗുണം ചെയ്യില്ലെന്ന അഭിപ്രായവും സോണിയ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നു. പൂര്‍ണ സ്വാതന്ത്ര്യം നല്‍കി ഇഷ്ടാനുസരണം കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കുന്നത് ഉചിതമാകില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടാണ് പ്രശാന്ത് കിഷോറിന്റെ പിന്‍മാറ്റത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസിനു പുതിയ തുടക്കം നല്‍കാനുള്ള പദ്ധതിയുമായി 2021 മുതല്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പ്രശാന്ത് കിഷോറുണ്ട്. അഭിപ്രായ ഐക്യമില്ലാതെ ചര്‍ച്ച നീളുന്നതിനിടയിലും പല സംസ്ഥാനങ്ങളില്‍ പല പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നതാണ് കിഷോറിന്റെ ഏറ്റവും വലിയ പോരായ്മയായി നേതാക്കള്‍ പറയുന്നത്.