Tuesday, May 7, 2024
keralaNewspolitics

പ്രളയ ദുരന്തത്തിൽപ്പെട്ടവർക്ക് 20 വീട് നിർമ്മിച്ച്  നൽകാനൊരുങ്ങി ബിജെപി

കാഞ്ഞിരപ്പള്ളി : പ്രളയദുരന്തത്തിൽപ്പെട്ടവർക്ക് 20 വീട് നിർമ്മിച്ചു നൽകാനൊരുങ്ങി ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി. ഇന്ന് കൂടിയ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി യോഗത്തിലാണ് തീരുമാനം.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രളയം അതിഭീകരമായ നഷ്ടങ്ങളാണ് വരുത്തിയത്. വിഴിക്കിത്തോട് കുറുവാമൂഴിയിൽ മാത്രം 14 പേർക്ക് വീട് പൂർണമായും നഷ്ടപ്പെട്ടു. കഴിഞ്ഞകാലങ്ങളിൽ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാതെ പുറമ്പോക്കിൽ തള്ളപ്പെട്ട ആളുകൾക്ക് സുരക്ഷിതമായ ഒരു സ്ഥാനം ഒരുക്കുക എന്ന ഉദ്ദേശത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടു ക്കുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോർജ് കുര്യൻ പറഞ്ഞു. ജില്ലയിലെ വിവിധ ദുരന്തബാധിത സ്ഥലങ്ങൾ ഇന്ന് അദ്ദേഹം സന്ദർശിച്ചിരുന്നു.20 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകുന്ന ബൃഹത് പദ്ധതിയാണ് ബിജെപി തുടക്കമിടുന്നത്.സർക്കാർ,  സന്നദ്ധ സംഘടനകൾ. തുടങ്ങി പൊതുജന  പങ്കാളിത്തത്തോടെ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം,  ബിജെപി ദേശീയ സമിതി അംഗം ജി രാമൻ നായർ , സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ,  മേഖലാ അധ്യക്ഷൻ എൻ. ഹരി,  ജില്ലാ അധ്യക്ഷൻ ലിജിൻലാൽ എന്നിവർ രക്ഷാധികാരികളായും  കെ വി നാരായണൻ ( ചെയർമാൻ ),മിഥുൽ. എസ്. നായർ (കൺവീനർ ),
വി. എൻ മനോജ്, ടി.ബി. ബിനു ( വൈസ് ചെയർമാന്മാർ ), വൈശാഖ് എസ് നായർ (ജോയിന്റ് കൺവീനർ),വാർഡംഗം സിന്ധു സോമൻ, ഐ ജി ശ്രീജിത്ത്‌,  ജി. ഹരിലാൽ, വിജയകുമാർ മഠത്തിൽ, വിഷ്ണു വിനോദ്,  അമ്പിളി ഉണ്ണികൃഷ്ണൻ, എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മറ്റിയും തിരഞ്ഞെടുത്തു.