Thursday, May 16, 2024
indiaNewspoliticsworld

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എല്ലാവര്‍ക്കും മുന്നില്‍ ക്ഷമ പറഞ്ഞു

ലണ്ടന്‍ : പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മുന്നില്‍ മാപ്പ് പറഞ്ഞു. ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നും വിഷയം കൈകാര്യം ചെയ്തതില്‍ തെറ്റുപറ്റിയെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കൊറോണ ലോക്ക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന പാര്‍ട്ടിയെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ ക്ഷമ പറഞ്ഞത്. അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ പ്രധാനമന്ത്രിയുടെ രാജിക്ക് സാധ്യതയേറുകയാണ്.

2020 മേയ് മാസത്തില്‍ ലോക്ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും സര്‍ക്കാര്‍ മന്ദിരങ്ങളിലും വിരുന്നുകള്‍ നടന്നിട്ടുണ്ടെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. എല്ലാവരും കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചപ്പോള്‍ പ്രധാനമന്ത്രി സ്വന്തം വസതിയില്‍ മദ്യസല്‍ക്കാരം നല്‍കിയെന്നും മാനദണ്ഡങ്ങള്‍ പൂര്‍ണമായും കാറ്റില്‍ പറത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡ്രൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ മദ്യപാന പാര്‍ട്ടി നടത്തിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും ബോറിസ് ജോണ്‍സണെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബോറിസ് ജോണ്‍സണ്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അതിനിടെയാണ് 2021 ഏപ്രില്‍ 16 നു രാത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് രണ്ടു മദ്യസല്‍ക്കാരം നടന്നത്. ഇത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം മാപ്പ് ചോദിച്ചുകൊണ്ട് രംഗത്തെത്തിയത്.