Thursday, May 2, 2024
keralaNewspolitics

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22 മുതല്‍ 27 വരെ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നടത്തും. പ്രസിഡന്റ് ജോ ബൈഡനുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.പ്രസിഡന്റായി ജോ ബൈഡന്‍ അധികാരത്തിലെത്തിയ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. സന്ദര്‍ശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഫ്ഗാന്‍ വിഷയം പുകയുന്നതിനിടെ നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റം ഇരു നേതാക്കളും ചര്‍ച്ച ചെയ്തേക്കുമെന്നാണ് സൂചന.

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാരിനോട് എന്ത് നിലപാടെന്ന കാര്യത്തില്‍ ഇന്‍ഡ്യയുടെ മൗനം തുടരുകയാണ്. താലിബാനുമായി ഇന്‍ഡ്യ ചര്‍ച്ച തുടങ്ങിയെങ്കിലും ഇത് അനൗദ്യോഗിക സംഭാഷണം മാത്രമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സര്‍കാരിനെ തത്കാലം അംഗീകരിക്കേണ്ടതില്ല എന്നാണ് ഉന്നത തലത്തിലെ ധാരണ. പ്രധാനമന്ത്രി നേരിട്ട് മുല്ല ബരാദറിനോട് സംസാരിക്കുന്നതോ അഭിനന്ദന സന്ദേശം നല്‍കുന്നതോ ഒഴിവാക്കും. താലിബാന്‍ സര്‍കാരിന്റെ നിലപാട് എന്താവും എന്നാണ് ഇന്‍ഡ്യയും ഉറ്റുനോക്കുന്നത്. എന്തുതന്നെ ആയാലും ഇപ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള ഇന്‍ഡ്യക്കാരുടെ സുരക്ഷ കൂടി ഉറപ്പാക്കാനുള്ള കരുതലോടെയാവും ഇന്‍ഡ്യയുടെ അടുത്ത നീക്കങ്ങള്‍. അതേസമയം താലിബാന് പിന്നില്‍ ഒരു സമയത്ത് പാകിസ്ഥാനായിരുന്നുവെന്ന് വിദേശകാര്യ സെക്രടറി ഹര്‍ഷവര്‍ദ്ധന്‍ ശ്രിംഗ്ള ന്യൂയോര്‍കില്‍ പറഞ്ഞു. പാക് കേന്ദ്രീകൃത ഭീകരസംഘനടകളോടുള്ള പുതിയ സര്‍കാരിന്റെ നിലപാട് നിരീക്ഷിക്കുമെന്നും വിദേശകാര്യ സെക്രടറി മാധ്യമങ്ങളോട് വ്യക്തമാക്കി.