Tuesday, April 30, 2024
keralaNews

പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച ഇരുവരും പ്രണയ ദിനത്തില്‍ വിവാഹിതരാകും.

ഇതുവരെയുള്ള ജീവിത യാത്രയില്‍ ഒറ്റയ്ക്കായിരുന്നു 58കാരന്‍ രാജനും 64കാരി സരസ്വതിയും. എന്നാല്‍ ഇനിയുള്ള യാത്രയില്‍ ഒരുമിക്കാനാണ് ഇരുവരുടെയും തീരുമാനം. അടൂരില്‍ വയോജനങ്ങളെ പരിപാലിക്കുന്ന മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളാണ് രാജനും സരസ്വതിയും. പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് തെളിയിച്ച ഇരുവരും പ്രണയ ദിനത്തില്‍ വിവാഹിതരാകും.തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ രാജന്‍ വര്‍ഷങ്ങളായി പാചക തൊഴിലാളിയായി കേരളത്തിലുണ്ട്. ശബരിമല സീസണിലും മറ്റും പമ്പയിലും പരിസരപ്രദേശങ്ങളിലുമുള്ള ഹോട്ടലുകളില്‍ ഭക്ഷണം പാകം ചെയ്താണ് രാജന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെ ലോക്ക്‌ഡൌണ്‍ വന്നതോടെ ജോലി നഷ്ടമായ രാജനെ പമ്പ സി.ഐ ലിബി പി.എം ഇടപെട്ടാണ് അടൂരിലെ മഹാത്മ കേന്ദ്രത്തിലെത്തിക്കുന്നത്. അന്തേവാസികളുടെ സഹായിയായും ഭക്ഷണം പാചകം ചെയ്തുമാണ് രാജന്‍ ഇവിടെ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെയാണ് മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസിയായ അടൂര്‍ മണ്ണടി പുളിക്കല്‍ സ്വദേശി സരസ്വതിയുമായി അടുപ്പത്തിലാകുന്നത്. ഉറ്റ സൗഹൃദമാണ് ഇരുവരുടെയും ഇടയിലുണ്ടായിരുന്നതെങ്കിലും അത് പ്രണയമാണെന്നു ഇരുവരും തിരിച്ചറിയുന്നത് അടുത്തിടെയാണ്. അങ്ങനെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ജീവിതത്തില്‍ ഒറ്റപ്പെട്ട സരസ്വതിയെ പൊതുപ്രവര്‍ത്തകരും പൊലീസും ചേര്‍ന്നാണ് മഹാത്മയില്‍ എത്തിച്ചത്. സംസാരവൈകല്യമുള്ള സരസ്വതി, മാതാപിതാക്കളുടെ മരണത്തോടെയാണ് തനിച്ചായത്. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ രാജന് സഹായവുമായി സരസ്വതി എത്താറുണ്ടായിരുന്നു അങ്ങനെയാണ് ഇരുവരും അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നും ഒരുവരും ഒരുമിച്ച് തന്നെ മഹാത്മ ജനസേവന കേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ലയോടും സെക്രട്ടറി എ പ്രിഷില്‍ഡയോടും അറിയിച്ചത്. അങ്ങനെയാണ് പ്രണയ ദിനത്തില്‍ ഇരുവരുടെയും വിവാഹം നടത്തി കൊടുക്കാന്‍ മഹാത്മ അധികൃതര്‍ തീരുമാനിക്കുന്നത്. ഇരുവരുടെയും ബന്ധുക്കളെ വിവരം അറിയിച്ചപ്പോള്‍ അവരും വിവാഹത്തിന് സമ്മതിച്ചു.പാചക ജോലി ചെയ്തു നേടിയ സമ്പാദ്യം നാട്ടിലെ കുടുംബത്തെ സഹായിക്കാനായി അയച്ചു കൊടുത്തിരുന്ന രാജന്‍ അതിനിടെ വിവാഹം കഴിക്കുന്ന കാര്യം വിട്ടുപോയി. സഹോദരിമാര്‍ക്കുവേണ്ടിയാണ് ഇത്രയും കാലം താന്‍ ജീവിച്ചതെന്നും ഇദ്ദേഹം പറയുന്നു. വിവാഹശേഷവും മഹാത്മയിലെ സേവനം തുടരാനാണ് ഇരുവരുടെയും തീരുമാനം.ഏതായാലും രാജന്റെയും സരസ്വതിയുടെയും വിവാഹം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് മഹാത്മയിലെ അന്തേവാസികള്‍.പ്രണയദിനമായ ഞായറാഴ്ച രാവിലെ 11നും 11.30നും ഇടയില്‍ കോവിഡ് മാനദണ്ഡ പ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി, പളളിക്കല്‍ പഞ്ചായത്തംഗം സുശീല കുഞ്ഞമ്മ കുറുപ്പ്, സാമൂഹികനീതി ഓഫിസര്‍ എസ്. ജാഫര്‍ഖാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം. കൊടുമണ്‍ ജീവകാരുണ്യ ഗ്രാമത്തില്‍ നിര്‍മിച്ചിട്ടുളള വീടുകളില്‍ ഒന്നില്‍ ഇവര്‍ക്ക് താമസം ഏര്‍പ്പെടുത്തും. ഇരുവര്‍ക്കും ജോലി ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കുമെന്ന് മഹാത്മാ ജനസേവന കേന്ദ്രം സെക്രട്ടറി എ. പ്രീഷില്‍ഡ പറഞ്ഞു.