Saturday, May 11, 2024
keralaNews

കോട്ടയത്ത് പുഴയിലൂടെ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി.

കോട്ടയത്ത് പുഴയിലൂടെ ഒഴുകിവന്ന വൃദ്ധയെ രക്ഷപ്പെടുത്തി. കോട്ടയം ചുങ്കം പാലത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം .പുഴയിലൂടെ ഒഴുകിവന്ന സ്ത്രീയെ അവിടെ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ആദ്യം കണ്ടത്. മൃതദേഹമാണ് എന്ന് സംശയം തോന്നിയ സ്ത്രീകള്‍ സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാരെ വിളിച്ചു വരുത്തി.ആ സമയം ഒഴുകിവന്ന സ്ത്രീ കൈപൊക്കി രക്ഷിക്കണം എന്ന് ആംഗ്യം കാട്ടിയതോടെ സമീപം താമസിക്കുന്ന ഷാല്‍ ,ബിബിന്‍ ,എം ആര്‍ ധനേഷ് എന്നിവര്‍ വള്ളവുമായി വെള്ളത്തിലേക്ക് ചാടി ഇറങ്ങുകയായിരുന്നു.

വള്ളത്തില്‍ ഇരുന്ന് സ്ത്രീയെ കരയിലേക്ക് വലിച്ചടുപ്പിച്ചു കയറ്റുകയായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഷാല്‍ പറഞ്ഞു. ബോധരഹിതയായ നിലയിലായിരുന്നു സ്ത്രീ. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച ഇവര്‍ക്ക് ചികിത്സ നല്‍കുകയായിരുന്നു. ഇവര്‍ക്ക് അപകടനില തരണം ചെയ്തതായി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ പേര് രാജമ്മയെന്നും 82 വയസ്സെന്നും, കറുകച്ചാല്‍ ആണ് വീട് എന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. കോട്ടയത്ത് നിന്ന് കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ശ്രമിച്ചിരുന്നു.