Tuesday, April 30, 2024
keralaNews

കാട്ടാനയുടെ ആക്രമണം: വീട്ടുമുറ്റത്ത് കാര്‍ കുത്തിക്കീറി

എറണാകുളം കോതമംഗലത്ത് വീടിനുനേരെ കാട്ടാനയാക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയ്ക്കാണ് സംഭവം. കോട്ടപ്പാറ വനത്തില്‍നിന്നെത്തിയ കൊമ്പനാനയാണ് വടക്കുംഭാഗം സ്വദേശി വര്‍ഗീസിന്റെ വീട്ടുവളപ്പില്‍ കയറി കാറും കൃഷിയും നശിപ്പിച്ചത്. വന്നയുടന്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ കാട്ടാന കൊമ്പുകൊണ്ട് കുത്തിനീക്കുകയും മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കാര്‍പോച്ചില്‍ കെട്ടിയിട്ടിരുന്ന പശുകുട്ടി കാട്ടാന കാര്‍ മറിക്കാന്‍ ശ്രമിക്കുന്നതു കണ്ട് പേടിച്ചു നില്‍ക്കുന്നത് വിഡിയോയിലുണ്ട്. ആക്രമണത്തില്‍ കാറിന് കേടുപാടുകളുണ്ടായി.

ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ബഹളം വച്ചതോടെ കാട്ടാന പിന്‍വാങ്ങി. തിരികെ പോകുന്നതിനിടെ വീട്ടുപരിസരത്തെ വാഴ, കപ്പ കൃഷികളും കാട്ടാന നശിപ്പിച്ചു. മേഖലയില്‍ ഏറെ കാലമായി കാട്ടാന ഭീഷണിയുണ്ട്. വിഷയത്തില്‍ വനംവകുപ്പ് കാര്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതിനിടെ പാലൂര്‍ തേക്കുവട്ടയില്‍ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തു. തേക്കുപന ഊരിലെ പണലി, പാപ്പ, കവിത എന്നിവര്‍ പട്ടിമാളത്തുനിന്ന് ഓട്ടോറിക്ഷയില്‍ ഊരിലേക്ക് വരുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്.

കാട്ടാന റോഡിലിറങ്ങിയവിവരം പ്രദേശവാസിയായ മദനെ സുഹൃത്തുക്കള്‍ വിളിച്ചറിയിച്ചിരുന്നു. റോഡിലൂടെയെത്തിയ കാട്ടാന ഓട്ടോറിക്ഷ തകര്‍ത്തതിനുശേഷം തോട്ടില്‍ വെള്ളംകുടിക്കനായി പോയി. പിന്നീട് ഇതുവഴിവന്ന നാല് വാഹനങ്ങളും കാട്ടാന തകര്‍ക്കാന്‍ ശ്രമിച്ചു. പിന്നീട് കാട്ടാനയെ തുരത്താനെത്തിയ വനംവകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡിനെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു. ബൊമ്മിയാംപടി ക്യാംപ് ഷെഡ്ഡിലെ വനംവകുപ്പ് ജീവനക്കാരെയും പ്രദേശവാസികളെയും ചേര്‍ത്ത് പത്തംഗ സംഘത്തെ ആനകളെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇവര്‍ ജനവാസമേഖലയിലെത്തുന്ന കാട്ടാനകളെ കാടുകയറ്റും. ഈ തീരുമാനത്തിനുശേഷമാണ് പ്രദേശവാസികള്‍ എലിഫന്റ് സ്‌ക്വാഡിലുള്ളവരെ പോകാന്‍ അനുവദിച്ചത്.