Sunday, April 28, 2024
keralaNews

പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സാഹസികമായി കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്

മലപ്പുറം: ലോഡ്ജുകളില്‍ താമസിച്ച് മോഷണവും ലഹരി മരുന്ന് വില്‍പ്പനയും നടത്തിയ യുവാക്കളെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. അലനെല്ലൂര്‍ അത്താണിപ്പടി പാറക്കല്‍ വീട്ടില്‍ ഖാലിദ് (30), കോഴിക്കോട് അത്തോളി സ്വദേശി മേനേത്ത് വീട്ടില്‍ രാഹുല്‍രാജ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.                     വളാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനക്കിടെ പ്രതികള്‍ കത്തി കൊണ്ട് സ്വയം മുറിവുണ്ടാക്കിയും പൊലീസിനെ ആക്രമിച്ചും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ സാഹസികമായി കീഴടക്കിയാണ് അറസ്റ്റ് ചെയ്തത്. ലോഡ്ജുകള്‍ മാറി മാറി താമസിച്ച് പരിസര പ്രദേശങ്ങളില്‍ മോഷണവും ലഹരി വില്‍പ്പനയും നടത്തുന്ന നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് വലയിലായതെന്ന് പൊലീസ് പറഞ്ഞു. രാഹുല്‍ രാജ് കോഴിക്കോട്, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളില്‍ നിരവധി മോഷണ കേസുകളിലും സ്റ്റേഷനില്‍ അതിക്രമം കാണിച്ച് പൊലീസിനെ കൈയേറ്റം ചെയ്ത കേസുകളിലും ലഹരി മരുന്ന് കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ച പ്രതിയാണ്. ഖാലിദ് നിരവധി ലഹരിമരുന്ന് കേസുകളിലും മോഷണ കേസുകളിലും പ്രതിയാണ്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷണം പോയ ബൈക്ക് ഇവരില്‍ നിന്നും കണ്ടെടുത്തു. അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടമാരായ ജലീല്‍ കരുത്തേടത്, ജയപ്രകാശ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഉദയന്‍, വിനീത് എന്നിവര്‍ ഉണ്ടായിരുന്നു. പ്രതികളെ കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.