Thursday, May 2, 2024
keralaNews

പേവിഷബാധ മൂലം മരിച്ചു.

തൃശ്ശൂര്‍: വീട്ടില്‍ വളര്‍ത്തിയ നായ്ക്കുട്ടിയുടെ കടിയേറ്റയാള്‍ പേവിഷബാധ മൂലം മരിച്ചു. പെരിഞ്ഞനം കോവിലകം സ്വദേശി പതുക്കാട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(60) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. തെരുവില്‍ നിന്നും വീട്ടിലെത്തിയ നാല് മാസത്തോളം പ്രായമുള്ള നായ്ക്കുട്ടിയെ ഇവര്‍ വളര്‍ത്തിയിരുന്നു.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണിക്കൃഷ്ണന് നായയുടെ കടിയേല്‍ക്കുന്നത്. നായ്ക്കുട്ടിയുടെ കടിയേറ്റെങ്കിലും സാരമായി എടുത്തില്ല. അതിനാല്‍ തന്നെ ഉണ്ണിക്കൃഷ്ണന്‍ കുത്തിവയ്പ് എടുത്തില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കടിച്ച നായ്ക്കുട്ടി ഏതാനും നാള്‍ മുന്‍പ് ചത്തു. കഴിഞ്ഞ ദിവസം മുതല്‍ ഉണ്ണിക്കൃഷ്ണന്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. വെള്ളം കുടിച്ചപ്പോള്‍ അസ്വസ്ഥത തോന്നിയതോടെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സ നല്‍കിയെങ്കിലും സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.