Monday, April 29, 2024
keralaNews

പെരുനാടില്‍ വീടിന്റെ ജനാല പൊളിച്ച് മോഷണം;കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പെരുനാട് മാമ്പാറയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തരയോടെ വീടിന്റെ ജനാല പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കക്കാട് മാമ്പാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അയല്‍വാസിയും സഹോദരപുത്രനുമായ ബിജു ആര്‍ പിള്ളയാണ് അറസ്റ്റിലായത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മുപ്പത് പവന്‍ സ്വര്‍ണവും 25,000 രൂപയുമാണ് കവര്‍ന്നത്. വീടിന്റെ പുറകുവശത്തുള്ള ജനല്‍ കുത്തിയിളക്കിയാണ് അകത്തു കടന്നത്. വീട്ടുകാര്‍ ആശുപത്രിയില്‍ പോയതക്കം നോക്കിയാണ് കവര്‍ച്ച.

രാത്രി പത്തരയോടെ ഡ്രില്ലിങ് മെഷിന്റെ ശബ്ദം കേട്ടു എന്നുപറഞ്ഞ് ബിജു ആര്‍ പിള്ള പരമേശ്വരന്‍ പിള്ളയുടെ ഭാര്യയെ ഫോണില്‍ വിളിച്ചിരുന്നു. ഇവര്‍ ആശുപത്രിയില്‍ പോയിരിക്കുകയാണെന്ന് ബിജുവിന് അറിയാമായിരുന്നു. സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഉടന്‍ പെരുനാട് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് എത്തി രാത്രിമുഴുവന്‍ ബിജുവിന്റെ കൂടെ സഹായത്തോടെ തെരച്ചില്‍ നടത്തുകയും ചെയ്തു.

വീടിന്റെ വശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയാതെ മോഷണം നടത്തിയതോടെ വീടിനെപ്പറ്റി കൃത്യമായി അറിയാവുന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് പൊലീസ് ഉറപ്പാക്കി. ബിജുവിന്റെ പശ്ചാത്തലം അറിയാമായിരുന്ന സമീപവാസികള്‍ക്ക് ഇയാളെ സംശയം ഉണ്ടായിരുന്നു. ഇതും പൊലീസിന് സഹായകരമായി. തൊണ്ടിമുതല്‍ കുറച്ചു കോന്നിയില്‍ ഒരു കടയില്‍ കൊടുത്ത് പണമാക്കിയിരുന്നു. പണവും ബാക്കി സ്വര്‍ണവും വീട്ടിലെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു. ബിജു കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ പെരുനാട് പഞ്ചായത്ത് 14-ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം റാന്നി ഡിവൈഎസ് പി മാത്യു ജോര്‍ജ്, പെരുനാട് സിഐ യു രാജീവ് കുമാര്‍, എസ്ഐമാരായ ശ്രീജിത്ത് ജനാര്‍ദ്ദനന്‍, രവീന്ദ്രന്‍ നായര്‍, എഎസ്ഐ റജി തോമസ്, പൊലീസുകാരായ ജിജു മാത്യു, ലിജു, ജോമോന്‍, പ്രദീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.