Monday, May 6, 2024
keralaNewsObituary

പെരിയാറില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലുവ: സുഹൃത്തുക്കള്‍ക്കൊപ്പം പെരിയാറില്‍ കുളിക്കാനിറങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാരന്‍ മുങ്ങി മരിച്ചു. കളമശേരി സെന്റ്. പോള്‍സ് കോളജിന് സമീപം കെ.എസ്.ഇ.ബി ക്വാര്‍ട്ടേഴ്‌സില്‍ (220 സബ് സ്റ്റേഷന്‍ കോളനി) താമസിക്കുന്ന വൈശാഖ് (31) ആണ് മരിച്ചത്.

ഞായറാഴ്ച്ച വൈകിട്ട് നാല് മണിയോടെ ആലുവ മണപ്പുറത്തെ കടവിന് സമീപമാണ് അപകടം. കുളിക്കാനിറങ്ങിയ വൈശാഖ് വെള്ളത്തില്‍ വെച്ച് കുഴഞ്ഞുപോകുകയായിരുന്നു. സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആലുവ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറ് മണിയോടെ മൃതദേഹം കണ്ടെടുത്തു. നാട്ടുകാരാണ് മൃതദേഹം കണ്ടെടുത്തത്. തുടര്‍ന്ന് ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച്ച പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തേവക്കല്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെ വര്‍ക്കറായിരുന്നു വൈശാഖ്. സര്‍വീസിലിരിക്കെ പിതാവ് ശ്രീനിവാസന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് വൈശാഖിന് ആശ്രിതനിയമനം ലഭിച്ചതാണ്. ഇടുക്കി സ്വദേശികളായ ഇവര്‍ വര്‍ഷങ്ങളായി കളമശേരിയിലാണ് താമസിക്കുന്നത്. മല്ലികയാണ് മാതാവ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്.