Tuesday, May 14, 2024
keralaNews

ഗജരാജന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍ ചരിഞ്ഞു .

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായ വിജയകൃഷ്ണന് മതിയായ ചികിത്സ നല്‍കിയില്ലെന്നും പാപ്പാന്മാര്‍ മര്‍ദ്ദിച്ചുവെന്നും ആരോപിച്ച് ഭക്തര്‍ പ്രതിഷേധിച്ചു. 57 വയസുള്ള ആനയെ മൂന്നാഴ്ച മുമ്പ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ എഴുന്നെള്ളത്തിന് കൊണ്ടു പോയിരുന്നു.

രണ്ടാഴ്ച മുന്‍പാണ് തിരിച്ചെത്തിയത്. ആനയുടെ കാലിലുള്ള മുറിവ് പാപ്പാന്മാരുടെ മര്‍ദ്ദനം കാരണമാണെന്നാണ് ആരോപണം. ദേവസ്വംബോര്‍ഡ് വെറ്റിനറി ഡോക്ടര്‍മാര്‍ ദിവസവും ആനയെ പരിശോധിച്ചിരുന്നു. രണ്ട് ദിവസമായി തീറ്റയെടുത്തിരുന്നില്ല. ഡ്രിപ്പ് നല്‍കിയിരുന്നു. ക്ഷേത്രത്തിലെ ആനയായിരുന്ന അമ്ബലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് തിടമ്‌ബേറ്റിയിരുന്നത് വിജയകൃഷ്ണനാണ്.

2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു. 2011ല്‍ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദം ആയിരുന്നു. ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയത്തക്ക നീളമുള്ള തുമ്ബിക്കൈ, ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭംഗിയാര്‍ന്ന കൊമ്ബുകള്‍, മറ്റാനകളെ അപേക്ഷിച്ച് വാല്‍ രോമങ്ങളാല്‍ സമൃദ്ധം തുടങ്ങി ലക്ഷണമൊത്ത വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു.