Monday, May 6, 2024
keralaNewspolitics

പി.സി ജോര്‍ജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്.

കൊച്ചി: പിസി ജോര്‍ജ് എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്.എറണാകുളം വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെ പി സി ജോര്‍ജ് ഒളിവില്‍ ആണെന്ന കുപ്രചരണങ്ങളോട് പ്രതികരിക്കവെയാണ് ഷോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.അറസ്റ്റ് ചെയ്യാനുള്ള തീരുമാനം പിണറായി വിജയന്റേതാണ്. അത് അനുസരിക്കാന്‍, അതിന് കൂട്ടുനില്‍ക്കാന്‍, പിണറായി വിജയന്റെ പ്രീണന അറസ്റ്റിന് നിന്നുകൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് ഷോണ്‍ കൂട്ടിച്ചേര്‍ത്തു.ഞങ്ങള്‍ നിയമപരമായാണ് മുന്നോട്ട് പോകുന്നത്. അറസ്റ്റ് ചെയ്യില്ലെന്നാണ് കമ്മീഷണര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞത്. അതിന് രണ്ട് മണിക്കൂറിന് ശേഷം തീരുമാനം വന്നെങ്കില്‍ അത് പോലീസിന്റേതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി. പി സി ജോര്‍ജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് ഈ പ്രീണനം സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോര്‍ജിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വര്‍ഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോര്‍ജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകള്‍ മാത്രമാണ് കോടതിക്കുമുന്നില്‍ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോര്‍ജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പോലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാന്‍ മനസില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.