Wednesday, May 1, 2024
indiaNews

കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി നീതി ആയോഗില്‍.

കേന്ദ്രവും സംസ്ഥാനങ്ങളും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിച്ച് ഫെഡറലിസത്തെ അര്‍ത്ഥപൂര്‍ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന്റെ ആറാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഇത്തരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇതാണ് ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുളള നേട്ടത്തിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഗവേണിംഗ് കൗണ്‍സിലിന്റെ യോഗത്തിന് ഏറെ പ്രാധാന്യമുണ്ട്. സര്‍ക്കാര്‍ കഴിഞ്ഞ കാലത്ത് ആവിഷ്‌കരിച്ച പദ്ധതികളായ വാക്സിനേഷന്‍, സൗജന്യ വൈദ്യുതി കണക്ഷന്‍, സൗജന്യ ഗ്യാസ് കണക്ഷന്‍ തുടങ്ങിയവ ജനങ്ങളുടെ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ കൊണ്ടുവന്നു.ഈ വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റിന് ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ രാജ്യത്തിന്റെ മനോഭാവമാണ് കാണിക്കുന്നത്. ഒട്ടും സമയം കളയാതെ മുന്നോട്ടു കുതിക്കാനുളള മനോഭാവമാണ് പ്രകടമാകുന്നത്. ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിന്‍ വഴി രാജ്യത്തിന് ആവശ്യമായത് മാത്രമല്ല, ലോകത്തിനു വേണ്ട വസ്തുക്കള്‍ ഉത്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതികള്‍, രാജ്യത്ത് കൂടുതല്‍ ഉത്പാദനത്തിനുളള അവസരമായി വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.നീതി ആയോഗ് യോഗത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും പങ്കെടുത്തില്ല. നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിലിന് സാമ്ബത്തിക അധികാരമില്ലെന്നും, അതിനാല്‍ യോഗം ഫലമില്ലാത്ത വെറും പ്രഹസനമാണെന്നുമാണ് മമത ബാനര്‍ജി അഭിപ്രായപ്പെട്ടത്. നീതി ആയോഗ് സംസ്ഥാനങ്ങളുടെ പദ്ധതിക്ക് പിന്തുണ കൊടുക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി.