Friday, May 17, 2024
keralaNewspolitics

പി ടി തോമസിനെ അനുസ്മരിച്ച് നിയമസഭ

സജീവവും ചടുലവും ആയി ഇടപെട്ടു സ്വന്തമായ നിലപാടുകള്‍ ഉണ്ടായിരുന്ന നേതാവാണ് അന്തരിച്ച എംഎല്‍എ പി ടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്തില്ല. ചില നിലപാടുകള്‍ വ്യക്തി നിഷ്ഠമായിരുന്നു. ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ പോലും വേറിട്ട വ്യക്തിത്വമാക്കി. ദുഖകരമാണ് പി ടിയെ നഷ്ടപ്പെട്ടത്. പരിസ്ഥിതി എഴുത്ത്, വായന എന്നിവ കൂടെ കൊണ്ടു നടന്നു. മതനിരപേക്ഷത കുടുംബത്തിലും രാഷ്ട്രീയത്തിലും കൂടെ കൊണ്ടു നടന്നു. കേട്ടില്ല എന്നു നടിക്കാന്‍ ആര്‍ക്കും കഴിയാത്ത ശബ്ദമായിരുന്നു പി ടിയുടേതെന്നും മുഖ്യമന്ത്രി സഭയില്‍ അനുസ്മരിച്ചു. ജാഗ്രതയോടെയും ശക്തമായും ഇടപെട്ട സാമാജികനായിരുന്നു പി ടി തോമസെന്ന് സ്പീക്കറും പറഞ്ഞു.ഉള്‍ക്കൊള്ളാനാവുന്നില്ല പി ടിയുടെ കടന്നുപോക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വ്യത്യസ്തന്‍ നിലപാടുകളില്‍ ഉറച്ചു നിന്നു. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലെ അഗ്‌നി അവസാനം വരെ കെടാതെ സൂക്ഷിച്ചു. ഓരോ നിയോഗവും പൂര്‍ണമായി നടപ്പാക്കി. പരിസ്ഥിതി നിലപാടുകള്‍ പല പ്രയാസങ്ങളും നേരിട്ടെങ്കിലും പിന്നോട്ടു പോയില്ല. പി ടി ഒരു പോരാളിയായിരുന്നു. എല്ലാ പോരാട്ടങ്ങളുടെയും കുന്തമുനയായി നിന്നു. ജാതി മത ചിന്തകള്‍ക്ക് അതീതനായി നിന്നു. വരും നാളുകളില്‍ പിടിയുടെ ഓര്‍മകള്‍ വഴിയിലെ പ്രകാശമായിരിക്കുമെന്നും സതീശന്‍ അനുസ്മരിച്ചു.

വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ നിന്നാണ് പി ടി തോമസ് പൊതുരംഗത്തേക്ക് കടന്നുവരുന്നത്. നാല് തവണ നിയമസഭയിലെത്തുകയും ഒരു തവണ ഇടുക്കിയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നിയമസഭയിലും പാര്‍ലമെന്റിലും ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക പ്രശ്നം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്റെ പാര്‍ട്ടിക്ക് പോലും സ്വീകാര്യമല്ലാത്ത നിലപാടില്‍ ഉറച്ചുനിന്ന അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് ശരി എന്ന് തോന്നുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുമായിരുന്നു. അതുകൊണ്ടാണ് ചിലപ്പോഴെങ്കിലും നിലപാടുകള്‍ വ്യക്തിനിഷ്ഠമായി എന്ന് പറയുന്നത്. എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് പോലും ചിന്തിക്കാതെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതുകൊണ്ടാണ് പി ടി തോമസ് സ്വന്തം പാര്‍ട്ടിയില്‍ പോലും വ്യത്യസ്തനായത്. മുഖ്യമന്ത്രി പറഞ്ഞു.രോഗത്തിന് മുന്‍പിലും തളരാതെ പി ടി തോമസ് കരുത്തോടെ നിന്നതായി മുഖ്യമന്ത്രി അനുസ്മരിച്ചു.  ഈ സാംസ്‌കാരിക ആഭിമുഖ്യത്തിന്റെ സ്വാഭാവിക പരിണിതിയാകാം വയലാറിന്റെ ഗാനത്തിന്റെ അന്തരീക്ഷത്തിലാകണം അന്ത്യയാത്രയെന്ന് അദ്ദേഹം പറഞ്ഞത്. മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ എന്ന വരികള്‍ ശരിക്കും പി ടി തോമസിന് ജീവിതത്തോടുള്ള സ്നേഹത്തിന്റെ മുഴക്കമുള്ളതായിരുന്നു. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് അപകടകരമാണെന്ന് ചിന്തിക്കുകയും സ്വന്തം മരണാനന്തര ചടങ്ങുകള്‍ മതനിരപേക്ഷമാകണമെന്ന് പി ടി തോമസ് ചിന്തിക്കുകയും ചെയ്തത് മുഖ്യമന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടി.