Sunday, May 12, 2024
keralaNews

നഴ്‌സിങ് ഓഫീസര്‍ക്ക് കോഴിക്കോട് തന്നെ നിയമനം

കോഴിക്കോട് : അതിജീവിതയ്‌ക്കൊപ്പം നിന്ന നഴ്‌സ് അനിതയ്ക്ക് കോഴിക്കോട് തന്നെ നിയമനം നല്‍കുമെന്ന് നേരത്തെ മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായെന്ന മന്ത്രിയുടെ ആരോപണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് എത്തുകയും വിഷയം വലിയ വിവാദമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഉന്നതതല നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്ക് നിലപാട് മാറ്റി പറയേണ്ടി വന്നത്. വിഷയത്തില്‍ മന്ത്രിയുടെ മലക്കം മറിച്ചിലിന് പിന്നാലെയാണിപ്പോള്‍ ഉത്തരവിറങ്ങിയത്. ആദ്യം ഒരു നിലപാട് പറയുകയും പിന്നീട് പറഞ്ഞ നിലപാട് മണിക്കൂറുകള്‍ക്കകം മാറ്റി പറയേണ്ടി വരികയും വന്നു. ഹൈക്കോടതി ഉത്തരവുമായി ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡി കോളേജില്‍ ജോലിയില്‍ പ്രവേശിക്കാനെത്തിയ നഴ്‌സ് പിബി അനിതയെ നിയമനം നല്‍കാതെ ദിവസങ്ങളായി പുറത്തു നിര്‍ത്തിയിരിക്കുന്നതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആയിരുന്നു പത്തനംതിട്ടയില്‍ വെച്ച് വെള്ളിയാഴ്ച അനിതക്കെതിരെ മന്ത്രി വീണ ജോര്‍ജ് ഗുരുതര ആരോപണം ഉന്നയിച്ചത്. അതിജീവിതയ്‌ക്കൊപ്പം ആദ്യം മുതല്‍ നിലയുറപ്പിച്ച നഴ്‌സ് അനിതയുടെ ഭാഗത്ത് മേല്‍നോട്ടത്തില്‍ പിഴവുണ്ടായി എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഡി എം ഇയുടെ റിപ്പോര്‍ട്ടിനെ കൂട്ടുപിടിച്ചാണ് മന്ത്രി ആരോപണം ഉന്നയിച്ചത്. എന്നാല്‍, മന്ത്രിക്കെതിരെ അതിജീവിത തന്നെ രംഗത്തെത്തി.അതിജീവിതയ്ക്ക് പുനര്‍നിയമനം നല്‍കുന്ന ഘട്ടത്തില്‍ ഹൈക്കോടതിക്ക് മുന്നില്‍ പറയാതിരുന്ന കാര്യങ്ങള്‍ പുതിയ ആരോപണമായി മന്ത്രിയെ ഉന്നയിച്ചതിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. പുനര്‍നിയമനം നല്‍കണമെന്ന് ഡിവിഷന്‍ ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ആരോപിച്ച് അനിത നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി കോടതി ഉടന്‍ പരിഗണിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രി നിലപാട് മാറ്റിയത്. പുനര്‍ നിയമനം നല്‍കാന്‍ മാര്‍ച്ച് ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടതാണെങ്കിലും തന്റെ ഓഫീസില്‍ ഫയല്‍ എത്തിയത് ഇന്ന് മാത്രം എന്നായിരുന്നു മന്ത്രിയുടെ മറുപടി. സംശയമുള്ളവര്‍ക്ക് വിവരാവകാശ അപേക്ഷ നല്‍കാമെന്നായിരുന്നു മന്ത്രിയുടെ വിചിത്രവാദം. ഡിഎംഇ യുടെ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ റിവ്യൂ പെറ്റീഷന്‍ ആയിഹൈക്കോടതിക്ക് മുന്നിലെത്തിക്കും എന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതികമായി കുറെ കാര്യങ്ങള്‍ കോടതിക്ക് മുന്നില്‍ എത്തിക്കാനുണ്ട് അതിനാണ് പുന പരിശോധന ഹര്‍ജിയെന്നാണ് മന്ത്രി വീണാ ജോര്‍ജിന്റെ വിശദീകരണം.