Monday, April 29, 2024
keralaNews

‘കേരളത്തിന്റെ പ്രതീകം’ പദവിയില്‍നിന്ന് ഇ. ശ്രീധരനെ നീക്കി; പകരം സഞ്ജു

‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍നിന്ന് ഇ. ശ്രീധരനെ തിരഞ്ഞെടുപ്പു കമ്മിഷന്‍ മാറ്റി. ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസുകളില്‍നിന്ന് അദ്ദേഹത്തിന്റെ പടങ്ങള്‍ നീക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ഈ പദവിയിലേക്ക തിരഞ്ഞെടുത്തു.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ്. ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്. ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രീയയുമായി പരമാവധി സഹകരണം ഉറപ്പാക്കാനുമാണ് പ്രമുഖ വ്യക്തികളെ ഇങ്ങനെ തിരഞ്ഞെടുക്കുന്നത്.ചിത്രയോടും ശ്രീധരനോടും അനുവാദം തേടിയിട്ടാണ് അന്ന് കമ്മിഷന്‍ ഇവരെ ഉള്‍പ്പെടുത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവരെ പ്രതീകങ്ങളാക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ നിഷ്പക്ഷ വ്യക്തിത്വമായി കണക്കാക്കാനാകില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവരെ പ്രതീകങ്ങള്‍ എന്നതില്‍നിന്നു മാറ്റുക എന്നതു സാധാരണ നടപടിക്രമം മാത്രമാണെന്നും കമ്മിഷന്‍ വിശദീകരിച്ചു.